കൽപ്പറ്റ: സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണത്തിനെതിരായ പരാതിയിൽ പോലീസ് എം.ഐ. ഷാനവാസ് എംപിയുടെ മൊഴിയെടുത്തു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കൽപ്പറ്റ എസ്ഐ മുഹമ്മദ്, എഎസ്ഐ ഹാരിസ് എന്നിവരാണ് മൊഴിയെടുത്തത്. കണ്ടാലറിയാവുന്ന 200ഓളം പേർക്കെതിരെയാണ് എംപിയുടെ മൊഴി. പൊക്കൂട്ടി സഖാവ് എന്ന ഫെയ്ബുക്ക് പേജിൽ ’കാണാനില്ല വയനാട് എംപി’ എന്ന പേരിൽ വ്യാജ പ്രചാരണം നടത്തിയതു മാനന്തവാടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിലെ ജിവനക്കാരനാണെന്നു എംപിയുടെ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യുകയുണ്ടായി.
പ്രളയകാലത്ത് എംപിക്കെതിരെ വ്യാപകമായി വ്യാജ പ്രചാരണം നടന്നിരുന്നു. ഇതേത്തുടർന്നാണ് ഡിജിപിക്കും സൈബർസെല്ലിനും എംപി പരാതി നൽകിയത്. ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് തന്നെ ക്ഷണിക്കണമെന്ന് എംപി ആവശ്യപ്പെടുന്ന വിധത്തിലുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. താമരശേരി ചുരം ഇടിഞ്ഞതുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ച അവലോകനയോഗത്തിലേക്ക് വിളിക്കാത്തതിനെക്കുറിച്ചു നടത്തിയ പ്രതികരണമാണ് പ്രളയകാലത്ത് തത്പരകക്ഷികൾ ദുരുപയോഗം ചെയ്തത്.