ഗുരുവായൂർ: ക്ഷേത്രത്തിൽ ഏകാദശി വിളക്കുകളുടെ ഭാഗമായി ആന എഴുന്നള്ളിപ്പിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്താൻ ഭരണസമിതിയോഗം തീരുമാനിച്ചു.രാത്രി വിളക്കെഴുന്നെള്ളിപ്പിന് മൂന്ന് ആനകളെ എഴുന്നെള്ളിക്കാനാണ് തീരുമാനം.ഇതോടെ കഴിഞ്ഞ 10മാസമായി ആനയെഴുന്നെള്ളിപ്പിൽ തുടരുന്ന നിയന്ത്രണത്തിനാണ് ഇളവ് വരുന്നത്.
വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ നടക്കുന്ന 30 വിളക്കുകൾക്കും ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏകാദശി വിളക്കെഴുന്നെള്ളിപ്പിനും രാത്രിയിൽ മൂന്ന് ആനകളെ എഴുന്നെള്ളിച്ച് വിളക്കാചാരത്തോടെയുള്ള എഴുന്നെള്ളിപ്പ് നടത്താനാകും.
കാഴ്ച ശീവേലിക്ക് നിലവിലെ സംവിധാനം തുടരാനാണ് തീരുമാനം.കഴിഞ്ഞ വർഷം ഡിസംബർ പത്തിന് ക്ഷേത്രത്തിനുള്ളിൽ എഴുന്നെള്ളിപ്പിനിടെ ശ്രീകൃഷ്ണൻ എന്ന ആനയിടഞ്ഞ് പാപ്പാൻ മരിക്കാനിടയായി.ഇതേതുടർന്നാണ് അന്നത്തെ ഭരണസമിതി ആനകളെ എഴുന്നെള്ളി്ക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബർ പത്തുമുതൽ സാധാരണ ദിവസങ്ങളിൽ നടക്കുന്ന രാത്രി വിളക്കെഴുന്നെള്ളിപ്പിന് ഒരാനയാണ് എഴുന്നെള്ളിപ്പ് നിർവഹിച്ചിരുന്നത്. ആദ്യ ദിവസങ്ങളിൽ ആനയെഴുന്നള്ളിപ്പ് സമയത്ത് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല. പിന്നീട് ഭക്തരുടെ പ്രതിഷേധത്തെതുടർന്നാണ് എഴുന്നെള്ളിപ്പ് സമയത്ത് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങിയത്.
ഇന്നലെ ചേർന്ന ഭരണസമിതി യോഗത്തിൽ ചെയർമാൻ കെ.ബി.മോഹൻദാസ് അധ്യക്ഷനായി.ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരിപ്പാട്,എ.വി.പ്രശാന്ത്,കെ.കെ.രാമചന്ദ്രൻ,ഉഴമലക്കൽ വേണുഗോപാൽ,പി.ഗോപിനാഥൻ,എം.വിജയൻ,അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ പങ്കെടുത്തു.
്