തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ വിദേശത്ത് പോയി ധനസമാഹരണം നടത്താനുള്ള മന്ത്രിമാരുടെ യാത്രയ്ക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചില്ല. ഈ മാസം 18 മുതലാണ് വിദേശ രാജ്യങ്ങളിൽ പോയി മുഖ്യമന്ത്രിയും മന്ത്രിമാരും ധനസമാഹരണം നടത്താൻ നിശ്ചയിച്ചിരുന്നത്.
മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ് കേന്ദ്രാനുമതി തേടിയത്. ഇതിൽ മുഖ്യമന്ത്രിയ്ക്ക് മാത്രം അനുമതി ലഭിച്ചു. അതു കർശന വ്യവസ്ഥകളോടെ ദുബായിൽ മാത്രം പോകാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. വിദേശ പ്രതിനിധികളുമായി ചർച്ച പാടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കാം.
വിദേശ ഫണ്ട് സ്വീകരിക്കരുതെന്നടക്കമുള്ള കർശന വ്യവസ്ഥകളാണ് മുഖ്യമന്ത്രിയ്ക്ക് നൽകിയിരിക്കുന്നത്. കേന്ദ്രത്തിന്റെ കടുംപിടുത്തത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഇനി നാലു ദിവസങ്ങൾ കൂടി ഉണ്ടല്ലോ അതിനകം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ ഇതേക്കുറിച്ച് പ്രതികരിച്ചു.