തളിപ്പറമ്പ്: വ്യക്തിപരമായ ഒരാളുടെ പിടിവാശിമൂലമാണ് ഇത്തവണ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ ഭരണസമിതിയെ നിര്‍ണയിക്കാന്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നാളെ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു അവര്‍.
രാവിലെ എട്ടുമുതല്‍ സീതിസാഹിബ് ഹയര്‍ സെക്കൻഡറി സ്കൂളിലാണ് തെരഞ്ഞെടുപ്പ്. ആകെയുള്ള 11 സ്ഥാനങ്ങളില്‍ അഞ്ചുപേര്‍ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള സീറ്റുകളിലൊന്നിലേക്ക് കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയായി വിനോദ് രാഘവന് നാമനിര്‍ദ്ദേശ പത്രിക നല്‍കിയതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്.
എ.പി അബ്ദുല്‍ ഖാദര്‍, പി.പി ഇസ്മായില്‍, ജാഫര്‍ ഓലിയന്‍, കല്ലിങ്കീല്‍ പത്മനാഭന്, സി.മുഹമ്മദ് കുഞ്ഞി, രാഹുല്‍ ദാമോദരന്‍ എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍. യുഡിഎഫ് ഭരിക്കുന്ന തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ കോണ്‍ഗ്രസിലെ കല്ലിങ്കീല്‍ പത്മനാഭനാണ് നിലവില്‍ ബാങ്ക് പ്രസിഡന്റ്. അതിനാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടക്കുന്നത് പോലെ ഇത്തവണയും ഡയറക്ടര്‍മാരെ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് ഒഴിവാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയക്കായി ചെലവായേക്കാവുന്ന അഞ്ച് ലക്ഷം രൂപ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനായിരുന്നു ബാങ്ക് തീരുമാനിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംലീഗിലെ പി.കെ.റസിയ, കോണ്‍ഗ്രസിലെ പി.വി.രുഗ്മിണി, കുഞ്ഞമ്മ തോമസ്, ഇ.പി.നാരായണന്, പി.ദാമോദരന്‍ എന്നിവര്‍ എതിരില്ലാതെ ഡയറക്ടര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍, കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ധാരണ ലംഘിച്ച് വിനോദ് രാഘവന് മത്സര രംഗത്തിറങ്ങിയതോടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായിരുന്നെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. സിപിഎം-ബിജെപി കക്ഷികള്‍ പോലും ഇത് പരിഗണിച്ച് മല്‍സരത്തിന് തുനിഞ്ഞില്ല.
ഇതോടെ ഒരൊറ്റ വ്യക്തിയുടെ പിടിവാശി കാരണം ബാങ്കിന് ലക്ഷക്കണക്കിന് രൂപ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പേരില്‍ നഷ്ടമാകുന്ന സ്ഥിതിയാണ് വന്നത്. 17,000 വോട്ടര്‍മാരാണുള്ള ബാങ്കില്‍ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുന്ന സാഹചര്യമാണുള്ളത്. എം.വി ശശിയാണ് വരണാധികാരി. ബാങ്ക് പ്രസിഡന്റ് കല്ലിങ്കീല്‍ പത്മനാഭന്, സി.പി.വി അബ്ദുല്ല, പി.മുഹമ്മദ് ഇഖ്ബാല്‍, കൊടിയില്‍ സലിം, സി.വി ഉണ്ണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.