രാജകുമാരി :പൂപ്പാറയിൽ പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ടെന്നു കരുതിയ പെണ്കുട്ടി കൊടൈക്കനാലിലെ ബന്ധുവീട്ടിൽ എത്തിയതായി വിവരം. പൂപ്പാറ ലക്ഷംവീട് കോളനിയിലെ പതിനാലുകാരിയായ പെണ്കുട്ടിയെയാണ് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ തെരച്ചിൽ നടത്തുന്നതിനിടെ തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തിയത്.
ടൗണിനു സമീപത്തെ കോളനിയിൽ വർഷങ്ങളായി അമ്മയും മകളും തനിച്ചാണു താമസിക്കുന്നത്. രാവിലെ അഞ്ചിന് അമ്മ ഉണർന്നപ്പോൾ മകളെ വീട്ടിൽ കണ്ടില്ല. പ്രാഥമികാവശ്യങ്ങൾക്കായി പന്നിയാർപുഴയുടെ കരയിലേയ്ക്ക് പോയിരിക്കുമെന്ന് കരുതി വീട്ടിലെ ജോലികൾ തുടർന്നു.
എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും മകൾ മടങ്ങിയെത്താതിരുന്നതിനാൽ പുഴക്കരയിൽ അന്വേഷിച്ച് എത്തി. ഏറെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. ഇതിനിടെ മകളുടെ ചെരിപ്പുകൾ പുഴക്കരയിൽ നിന്നും കണ്ടെത്തുകയും ചെയ്തു. വിവരമറിഞ്ഞ് സമീപവാസികൾ കരയിലും പുഴയിലും തെരച്ചിൽ നടത്തിയെങ്കിലും പ്രയോജന മുണ്ടായില്ല.
ആനയിറങ്കൽ ഡാം കവിഞ്ഞൊഴുകുന്നതിനാൽ പുഴയിൽ നീരൊഴുക്കും ശക്തമാണ്. വെള്ളത്തിലിറങ്ങിയ കുട്ടി അബദ്ധത്തിൽ പുഴയിൽ വീണു ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ വിവരമറിയിച്ചതിനെ തുടർന്ന് ശാന്തൻപാറ പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും പെണ്കുട്ടിയെകുറിച്ച് വിവവരം ലഭിച്ചില്ല.
ഇതിനിടെ നാട്ടുകാരിൽ ചിലർ കുത്തൊഴുക്ക് അവഗണിച്ച് പുഴയിലിറങ്ങി തെരച്ചിൽ ആരംഭിച്ചു. നെടുങ്കണ്ടം ഫയർഫോഴ്സ് യൂണിറ്റും എത്തി. ആനയിറങ്കൽ ഡാമിനു ഷട്ടറുകൾ ഇല്ലാത്തതിനാൽ പുഴയിലേക്കുള്ള ഒഴുക്ക് കുറക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു.
ഇതിനായി കൂടുതൽ തയാറെടുപ്പുകളോടെ തെരച്ചിൽ നടത്താൻ ആലോചിക്കുന്നതിനിടെയാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുട്ടി സുരക്ഷിതയായി കൊടൈക്കക്കനാലിൽ എത്തിയിട്ടുണ്ടെന്ന് ബന്ധുവിന്റെ ഫോണ് വിളി എത്തിയത്.
അമ്മയുമായി വഴക്കുണ്ടായതിനെത്തുടർന്ന് രാവിലെ വീടുവിട്ടിറങ്ങുകയും എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി ചെരിപ്പുകൾ പുഴക്കരയിൽ ഉൗരി വച്ച ശേഷം മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ ടൗണിലെത്തി തമിഴ്നാട്ടിലേയ്ക്കുള്ള ബസിൽ കയറി കൊടൈക്കനാലിനു പോകുകയായിരുന്നെന്നാണ് കുട്ടി ബന്ധുവിനോട് പറഞ്ഞത്. പഠനം നിർത്തിയ കുട്ടി അമ്മയ്ക്കൊപ്പം തോട്ടത്തിൽ ജോലിക്കു പോകുകയായിരുന്നു.