തൊടുപുഴ: മൂലമറ്റം റൂട്ടിൽ വീണ്ടും അപകടം. അമിത വേഗത്തിലെത്തിയ ബൈക്ക് സ്വകാര്യ ബസിലിടിച്ച് രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. എറണാകുളം സ്വദേശികളായ സുൾഫിക്കർ അലി , ആസിഫ് എന്നിവർക്കാണ് പരിക്കേറ്റത്.
സുൾഫിക്കർ അലിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ആസിഫിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാഗമണ്‍ സന്ദർശനത്തിനു ശേഷം മടങ്ങുകയായിരുന്നു ഇരുവരും. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയിൽ അപകടമുണ്ടായത്.
ബൈക്കും തൊടുപുഴയിൽ നിന്നും ഈരാറ്റുപേട്ടയ്ക്കു പോവുകയായിരുന്ന ജൂഡ് ബസും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് മ്രാലയിൽവച്ച് വളവ് തിരിക്കാൻ കഴിയാതെ എതിർ ദിശയിലേയ്ക്ക് പാളുകയായിരുന്നു.
ബസ് ബൈക്കിലിടിക്കാതിരിക്കാനായി വെട്ടിത്തിരിച്ചതോടെ സമീപത്തെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ബസിന്റെ സൈഡിൽ ഇടിച്ച് റോഡിലൂടെ കുറേദൂരം നിരങ്ങി നീങ്ങി. സാരമായി പരിക്കേറ്റ രണ്ടുപേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ മറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. മുട്ടം പോലീസും തൊടുപുഴ ഫയർഫോഴ്സും സ്ഥലത്തെത്തി. ഈ റൂട്ടിൽ ദിനംപ്രതി അപകടം പതിവാണ്.