നിലന്പൂർ: പ്ലസ്ടു വിദ്യാർഥിയെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി. എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയും നിലന്പൂർ കരിന്പുഴ സ്വദേശിയുമായ ഷഹീ(17) നാണ് പ്രിൻസിപ്പലിൽ നിന്നു മർദനമേറ്റതായി പരാതിയുള്ളത്.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നരയോടെ ക്ലാസ്മുറിയിലെ കലണ്ടറിൽ കൂട്ടുകാരന്റെ പേരെഴുതിയതുമായി ബന്ധപ്പെട്ടു ക്ലാസ് അധ്യാപകൻ പ്രിൻസിപ്പലിന്റെയടുത്ത് പരാതിയുമായെത്തിയതോടെയാണ് ഷഹീനെ പ്രിൻസിപ്പൽ വിളിപ്പിച്ചത്. തുടർന്നു പ്രിൻസിപ്പൽ ചുരൽ കൊണ്ടു സ്റ്റാഫ്റൂമിന്റെ മുന്നിൽ വച്ച് ഷഹീന്റെ കഴുത്തിലെ ഇടതുഭാഗത്തായി അടിച്ചു.
പിന്നീട് ക്ലാസ് മുറിയിലേക്കു കൊണ്ടുവരികയും കഴുത്തിനു കുത്തിപ്പിടിച്ച ശേഷം ചൂരൽ കൊണ്ടു രണ്ടുതവണ പുറത്തടിക്കുകയും കൈകൊണ്ടു കവിളത്തടിക്കുകയും ചെയ്തുവെന്നാണ് പരാതി. മർദനമേറ്റ ഷഹീൻ കൂട്ടുകാർക്കൊപ്പം എടവണ്ണ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പിന്നീട് നിലന്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഇതിനിടെ പ്രിൻസിപ്പലിന്റെ സന്ദേശവുമായി സ്കൂൾ മാനേജരുടെ നേതൃത്വത്തിലുള്ളവർ ആശുപത്രിയിലെത്തി കേസ് ഒത്തുതിർപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മുന്നോട്ടുള്ള പഠനത്തിനു പ്രതിസന്ധിയുണ്ടാകുമെന്നും സ്പോർട്സ് രംഗത്തെ ഭാവി നഷ്ടപ്പെടുമെന്നും അറിയിച്ചെങ്കിലും അകാരണമായി തന്നെ മർദിച്ച പ്രിൻസിപ്പലിനെതിരെ പരാതിയുമായി മുന്നോട്ടുപോകുമെന്നും ഒത്തുതീർപ്പിനില്ലെന്നും ഷഹീനും കുടുംബവും പറഞ്ഞു.
പരാതിയിൽ പോലീസ് ഷഹീന്റെ വീട്ടിലെത്തി മൊഴിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നു പ്രിൻസിപ്പൽ അറിയിച്ചു. പ്രിൻസിപ്പലിനെ തൽസ്ഥാനത്ത് നിന്നു നീക്കണമെന്നാവശ്യപ്പെട്ടു സ്കൂളിലെ പ്ലസ്ടു വിദ്യാർഥികൾ സമരത്തിലാണ്. അതേസമയം 15 ദിവസം പ്രിൻസിപ്പലിനെ സ്ഥാനത്ത് നിന്നു മാറ്റിനിർത്താമെന്നു മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.