തിരുവനന്തപുരം: റവന്യൂ ഡിവിഷണൽ ഓഫിസ് ഇനി ഇ – ഓഫീസ്. സേവനങ്ങൾ സുതാര്യവും സമയബന്ധിതവുമാക്കുന്നതിനുള്ള ഇ – ഓഫീസ് സംവിധാനം ആർഡിഒ ഓഫിസിൽ നിലവിൽവന്നു. സംസ്ഥാന സർക്കാരിന്റെ ഇ – ഗവേണൻസ് പദ്ധതിയുടെ ഭാഗമായാണ് ഇ – ഓഫീസ് നടപ്പാക്കുന്നത്.
ആർഡിഒ ഓഫീസിൽ നൽകുന്ന എല്ലാ അപേക്ഷകൾക്കും ഇനി മുതൽ ഒരു റഫറൻസ് നമ്പർ നൽകും. ഇത് ഇ – ഓഫീസിനായി ഒരുക്കിയിട്ടുള്ള www.eoffice.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയാൽ അപേക്ഷയുടെ തത്സമയ സ്ഥിതി അറിയാനാകും.
തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിനായി പ്രത്യേക ലിങ്ക് ഈ വെബ്സൈറ്റിൽ ഉണ്ട്. റഫറൻസ് നമ്പർ ഇല്ലെങ്കിൽപ്പോലും അപേക്ഷ നൽകിയ ആളിന്റെ പേരോ തീയതിയോ വിഷയം സംബന്ധിച്ച സൂചനയോ നൽകിയാൽപ്പോലും ഫയൽ നമ്പർ കണ്ടെത്താൻ കഴിയുമെന്നത് ഇ – ഓഫീസിന്റെ പ്രത്യേകതയാണ്.
ഇ – ഓഫീസ് സംവിധാനം നിലവിൽ വരുന്നതോടെ ഫയൽ കൈമാറ്റം കടലാസ് രഹിതമാകുമെന്നതാണ് ഓഫീസ് നടപടിക്രമങ്ങളിലുണ്ടാകുന്ന വലിയ സൗകര്യം. ഫയൽ തീർപ്പാക്കുന്നതിലുള്ള കാലതാമസം ഒഴിവാകുന്നതിനൊപ്പം മേലുദ്യോഗസ്ഥർക്ക് ഫയൽ എളുപ്പത്തിൽ വിളിച്ചുവരുത്താനും കഴിയും.
തപാൽ സെക്ഷനിൽ ലഭിക്കുന്ന അപേക്ഷ ഇ – ഫയൽ രൂപത്തിലാക്കി വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും സബ് കളക്ടറുടെ ഡിജിറ്റൽ സിഗ്നേച്ചറോടെ തപാൽ മുഖാന്തരം എത്രയും വേഗം അപേക്ഷകന് നൽകുകയുമാണ് തിരുവനന്തപുരം ആർഡിഒ ഓഫീസിൽ ഇനി ചെയ്യുന്ന രീതി. നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് ഇ – ഓഫീസിനുള്ള സാങ്കേതിക സൗകര്യങ്ങൾ നൽകുന്നത്.
സബ് കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഇ – ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്തു. ഭൂമി പോക്കുവരവ് അപ്പീൽ ഫയലിൽ ഇ – ഓഫിസ് മുഖേന നടപടി സ്വീകരിച്ചാണ് കളക്ടർ പദ്ധതി ഉദ്ഘാടനം ചെയ്തത്. അപേക്ഷകയായ തിരുവനന്തപുരം താലൂക്കിലെ പാങ്ങപ്പാറ വില്ലേജിൽ ഷെരിഫ ബിവിക്ക് പട്ടയത്തിന്റെ പകർപ്പ് കളക്ടർ കൈമാറി.
സബ് കളക്ടർ കെ. ഇമ്പശേഖർ, സീനിയർ സൂപ്രണ്ട് വി.എസ്. ബിനു, ജൂണിയർ സൂപ്രണ്ടുമാരായ ആർ. ഗോപകുമാർ, ദീപ ആർ. നായർ, ജില്ലാ ഇൻഫർമാറ്റിക് ഓഫിസർ താരാഭായി തങ്കച്ചി, ആർഡിഒ ഓഫിസിൽ ഇ – ഓഫിസ് സെക്ഷൻ കൈകാര്യം ചെയ്യുന്ന എ. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.