അടൂര്‍: വാഹന മോഷണക്കേസുകള്‍ ഉള്‍പ്പെടെ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സന്തോഷ് പാസ്കലിന്റെ അറസ്റ്റ് പോലീസ് അന്വേഷണങ്ങളിൽ നിർണായകമാകും. മെഴുവേലി ബാങ്ക് കവർച്ച ഉൾപ്പെടെയുള്ള കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളുമായി ബന്ധപ്പെട്ട മറ്റു നിരവധി മോഷണങ്ങൾ കൂടി തെളിയാനുള്ളതായി പോലീസ് പറയുന്നു.
ആലപ്പുഴ ആര്യാട് തെക്ക് ശവക്കോട്ട പാലത്തിനു സമീപം പാലക്കല്‍ വീട്ടില്‍ സന്തോഷ് പാസ്കല്‍ (38), നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം വില്ലേജില്‍ മലിനംകുളം അറപ്പുര പുത്തന്‍വീട്ടില്‍ ശെല്വന് എന്ന ശെല്‍വരാജ് (59) എന്നിവരെയാണ് അടൂര്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. രാജീവ്, റെജി, സന്തോഷ് എന്നീ പേരുകളിലും സന്തോഷ് പാസ്ക്കല്‍ അറിയപ്പെടുന്നുണ്ട്.
2011ല്‍ മെഴുവേലി സര്‍വീസ് സഹകരണ ബാങ്ക് ലോക്കര്‍ കുത്തിതുറന്ന് നാലര കിലോയോളം സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഉൾപ്പെടെ സന്തോഷ് പാസ്ക്കല്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കേസിലെ എട്ടു പ്രതികളില്‍ ഏഴു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മെഴുവേലി ബാങ്ക് കേസിനെ തുടര്‍ന്ന് ഡല്‍ഹി, ഹരിയാന, എറണാകുളം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
അടൂരിലെ മോഷണങ്ങൾ അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം അടൂര്‍ ഡിവൈഎസ്പി ആര്. ജോസ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഇതിന്റെ ഭാഗമായി സിഐ സന്തോഷ് കുമാര്‍, എസ്ഐ ബി. രമേശന് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സ്ക്വാഡ് രൂപീകരിച്ച് ജില്ലയില്‍ നടന്ന പഴയ മോഷണ കേസുകളിലെ പ്രതികളെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
ഏനാത്ത് സ്കോര്‍പിയോ കാര്‍ മോഷണം, ഇലന്തൂരില്‍ നിന്ന് കാര്‍, ആലപ്പുഴ മുഹമ്മയില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നും രണ്ട് മിനി ലോറികള്‍, ചെങ്ങന്നൂരില്‍ നിന്ന് കാര്‍, പാലാരിവട്ടത്തു നിന്ന് മിനിലോറി, ഹരിപ്പാട് നിന്ന് ഇന്നോവ കാര്‍ തുടങ്ങിയവ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
ആശ ഫാന്‍സി അടക്കമുള്ള മോഷണ കേസുകളില്‍ സഹായിയായ ശെല്‍വരാജ് ഉള്‍പ്പെട്ടതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇനി നിരവധി മോഷണ കേസുകളില്‍ ഇയാൾ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പോലീസിന്റെ അനുമാനം. ഇവരോടൊപ്പം കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കേസുകളുടെ സ്വഭാവ രീതി അനുസരിച്ച് സംശയം ഉള്ളതായും പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച വിശദമായ അന്വേഷണം ആരംഭിച്ചു.
പിടിയിലായ ശെല്‍വരാജ് സംസ്ഥാനത്തുടനീളം സ്പിരിറ്റ്, വാഹനമോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അടൂര്‍ മണക്കാലയില്‍ വ്യാജ വിദേശ മദ്യ ബോട്ടിലിംഗ് പ്ലാന്റും ചാരായവും കണ്ടെടുത്ത സംഭവത്തില്‍ ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു. മോഷണം നടത്തിയ ഏതാനും വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തു. മറ്റു വാഹനങ്ങള്‍ പൊളിച്ചു വില്പന നടത്തിയിരുന്നു.
സിഐ ജി. സന്തോഷ്കുമാര്‍, എസ്ഐമാരായ ബി. രമേശന്, രതീഷ്, ശ്രീജിത്, ഷാഡോ എഎസ്ഐ രാധാകൃഷ്ണന്, എഎസ്ഐമാരായ അജി ശാമുവേല്‍, വിത്സന്, എസ്സിപിഒ വിനോജ്, സിപിഒമാരായ സുജിത്, ഷൈജു, അജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതികളെ അടൂര്‍ ആശ ഫാന്സിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.