ആഷിഖ് അബുവിന്റെ സിനിമയില്‍ പീഡനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാകും അയാള്‍ സ്വന്തം സിനിമയില്‍ പരാതി നല്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നത്, ആഷിഖിനെതിരേ പരിഹാസം ചൊരിഞ്ഞ് നടന്‍ സിദ്ധിഖ്

വുമണ്‍ കളക്ടീവ് ഇന്‍ സിനിമയ്ക്ക് മറുപടി നല്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ നടന്‍ സിദ്ധിഖും കെപിഎസി ലളിതയും സംവിധായകന്‍ ആഷിഖ് അബുവിനെതിരേ രൂക്ഷവിമര്‍ശനം. ആഷിഖ് എന്തിനുവേണ്ടിയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും താരസംഘടനയ്‌ക്കെതിരേ നടത്തുന്നത് തങ്ങള്‍ക്കറിയാമെന്നും സിദ്ധിഖും പറയുന്നു. ആഷിഖിന്റെ സിനിമകളില്‍ പീഡനങ്ങള്‍ക്കെതിരേ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അയാളുടെ സിനിമയില്‍ മുഴുവന്‍ പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ടാണ് കമ്മിറ്റി രൂപീകരിക്കുന്നതെന്നായിരുന്നു പരിഹാസം.

അമ്മയ്ക്കുവേണ്ടി ശക്തമായ പ്രതിരോധമാണ് പത്രത്തിലുടനീളം സിദ്ധിഖ് തീര്‍ത്തത്. നാല് പേര്‍ പുറത്ത് പോയി എന്ന് പറഞ്ഞ് അമ്മ എന്ന സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. നാലിന് പകരം നാനൂറ് പേര്‍ അകത്തുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപ് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നതാണ്. അമ്മ ജനറല്‍ ബോഡിയാണ് തീരുമാനം മരവിപ്പിച്ചത്.

ദിലീപിന്റെ തൊഴില്‍ നിഷേധിക്കാന്‍ വേണ്ടിയുള്ള സംഘടനയല്ല അമ്മ. നടിമാര്‍ എന്നു വിളിച്ച് ആക്ഷേപിച്ചെന്ന ഡബ്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണ്. അമ്മ നടീനടന്മാരുടെ സംഘടനയാണ്. അങ്ങനെ വിളിച്ചതില്‍ ആക്ഷേപം തോന്നേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് മുന്നറിയിപ്പു നല്‍കി. നടി കെപിഎസ്‌സി ലളിതയും സിദ്ധിഖിനൊപ്പം പത്രസമ്മേളനത്തില്‍ ഉണ്ടായിരുന്നു.

അതേസമയം ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിനെയും സിദ്ധിഖ് തള്ളി. പ്രളയം കാരണമാണ് ഡബ്ല്യുസിസിയുടെ പരാതിയില്‍ നടപടി വൈകിയത്. പ്രളയം മൂലം സമയം കിട്ടിയില്ല. അമ്മയുടെ അംഗങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലായിരുന്നു. പ്രളയത്തിനുശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി വിദേശത്ത് അമ്മയുടെ നേതൃത്വത്തില്‍ ഷോ സംഘടിക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്റെ തിരക്കിലായിരുന്നു പിന്നീട് അംഗങ്ങള്‍. അതിനാലാണ് ഡബ്ല്യുസിസിയുടെ പരാതിയില്‍ മറുപടി നല്‍കാന്‍ വൈകിയതെന്ന് അമ്മയുടെ വക്താവ് കൂടിയ നടന്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. ഇതാണ് സിദ്ദിഖ് തള്ളിയത്.

Related posts