വാഴക്കുളം: വിവാഹ വാർഷികാഘോഷത്തിന് നീക്കിവച്ചിരുന്ന തുക പ്രളയത്തിൽ വീടുതകർന്നവർക്കായി നൽകി റിട്ടയേർഡ് അധ്യാപകൻ മാതൃകയായി. നടുക്കര സെന്റ് തോമസ് എൽപി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന പോൾ പൊൻകല്ലുങ്കലാണ് വീടുകളുടെ പുനർനിർമാണത്തിനു സംഭാവന നൽകിയത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇദേഹത്തിന്റെ അന്‍പതാം വിവാഹ വാർഷികമായിരുന്നു.എന്നാൽ വിദേശത്തായിരിക്കുന്ന മക്കളുടെ അവധി കണക്കാക്കി കഴിഞ്ഞ മാസം ആഘോഷ പരിപാടികൾ നടത്താനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മഞ്ഞളളൂർ പഞ്ചായത്തിലെ തൊടുപുഴ, മുവാറ്റുപുഴയാറിന്റെ തീരത്തുള്ള വീടുകൾ പ്രളയം തകർത്തത്.
നാലു വീടുകൾ പൂർണമായും ഇരുപതോളം വീടുകൾ ഭാഗികമായും നശിച്ചു. ഇതറിഞ്ഞ പോൾ വിവാഹ വാർഷികാഘോഷങ്ങൾ വേണ്ടെന്നു വയ്ക്കുകയായിരുന്നു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും മഞ്ഞളളൂർ പഞ്ചായത്തു പ്രസിഡന്റുമായ ജോസ് പെരുന്പിളളിക്കുന്നേൽ രക്ഷാധികാരിയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ ചെയർമാനും രാജശ്രീ അനിൽ, എൻ.ജെ. ജോർജ്, പി.ബി.സാബു, ഇ.കെ. സുരേഷ് എന്നിവർ ഭാരവാഹികളുമായി ആരംഭിച്ച പുനർജനി ഭവനപദ്ധതിയിലേക്ക് സംഭാവന നൽകാനുളള സന്നദ്ധത ഇദ്ദേഹം അറിയിക്കുകയായിരുന്നു.
ഒരു ലക്ഷം രൂപയുടെ ചെക്കാണ് പോൾ പൊൻകല്ലുങ്കൽ രക്ഷാധികാരി ജോസ് പെരുന്പിളളിക്കുന്നേലിന് നൽകിയത്. യോഗത്തിൽ പഞ്ചായത്തു വൈസ് പ്രസിഡന്റ് രാജശ്രീ അനിൽ, പഞ്ചായത്തംഗങ്ങളായ ടോമി തന്നിട്ടാ മാക്കൽ, എൻ.ജെ. ജോർജ്, റെനീഷ് റെജിമോൻ, പി.ബി. സാബു, ഇ.കെ.സുരേഷ്, മിനി ജോസ്, ജെസി ജെയിംസ്, റൂബി തോമസ്, സിന്ധു മണി, നിർമല അനിൽ, ലിസി ജോണി തുടങ്ങിയവർ സംബന്ധിച്ചു.