പത്തനാപുരം :പാറഖനനത്തിന് നീക്കം.ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.പാറഖനനത്തിന് പട്ടാഴി ഗ്രാമപ്പഞ്ചായത്ത് അനുമതി നിഷേധിച്ചു. ജില്ലാ പരിസ്ഥിതി ആഘാത സമിതിയിൽനിന്ന് കരസ്ഥമാക്കിയ അനുകൂല റിപ്പോർട്ടുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് കരാറുകാരൻ.
സമിതി മതിയായ അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് കൊടുത്തതെന്ന പരാതിയുമായി പഞ്ചായത്ത് ഭരണസമിതി കളക്ടറെയും സമീപിച്ചിട്ടുണ്ട്.രണ്ടേക്കറോളം സ്ഥലത്തെ പാറ പൊട്ടിക്കാനാണ് തകൃതിയായി നീക്കം നടക്കുന്നത്. ആഘാത സമിതിയുടെ റിപ്പോര്‍ട്ടിനെ പറ്റി പുനരന്വേഷണവും പഠനവും നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പട്ടാഴി ഗ്രാമത്തിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണ് പുലിക്കുന്നിമല. പട്ടാഴി ദേവീക്ഷേത്രത്തിന്റെ ചരിത്രവുമായി മലയ്ക്ക് ബന്ധം ഉണ്ടെന്നാണ് വിശ്വാസം.പൂജകളും അനുഷ്ഠാനങ്ങളും നടക്കുന്ന മലങ്കാവിനും ഖനനം ഭീഷണിയാവുമെന്ന ആശങ്കയിലാണ് ഭക്തർ.സർക്കാർ ഭൂമിയിലാണ് കൂട്ടങ്ങള്‍ ഉളളത്. ഇതിനു ചുറ്റിലുമുള്ള സ്വകാര്യ ഭൂമികളിലാണ് ഖനനനീക്കം നടക്കുന്നത്.രണ്ട് പട്ടികജാതി കോളനികൾ ഉൾപ്പെടെ ജനവാസകേന്ദ്രങ്ങളാണ് ചുറ്റിലും.
പ്രധാന റോഡുകളും പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ട്.ഖനനം നടത്തിയാൽ സമീപത്തുള്ള വലിയ പാറകൾ നിലംപതിക്കുമെന്നും പ്രദേശം അപകടഭീഷണിയിലാവുമെന്നും പ്രദേശവാസികൾ പറയുന്നു. പുലിക്കുന്നിമല പാറഖനനത്തിനെതിരെ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് ഖനനാനുമതി നിഷേധിച്ചിട്ടുണ്ട്.