മലയാളികളുടെ ഇഷ്ടതാരമായ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനമാണ് ഒക്ടോബര്‍ പതിനാറ്. പൃഥ്വിക്കായി ഭാര്യ സുപ്രിയ ഒരുക്കിയ പിറന്നാള്‍ സര്‍പ്രൈസ് കേക്കിന്റെ ചിത്രം തിങ്കളാഴ്ച്ച രാത്രി തന്നെ താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ കേക്കിന്റെ ടോപ്പിംഗില്‍ ഉള്ള അച്ഛന്റെയും അമ്മയുടെയും കുഞ്ഞിന്റെയും രൂപം എങ്ങനെ വന്നു എന്നത് ആരാധകര്‍ക്ക് മനസിലായില്ല. ഇതോടെ ആരാധകര്‍ക്കായി പൃഥ്വിരാജ് തന്നെ അതിലെ രഹസ്യം വെളിപ്പെടുത്തുകയുണ്ടായി. പൃഥ്വിയുടെ വാക്കുകളിങ്ങനെ…
‘സുപ്രിയയുടെ കേക്ക് ഏറെ രുചികരം..മാത്രമല്ല.. കേക്കിലെ ടോപ്പിംഗ് ലൂസിഫറിന്റെ ഷൂട്ടിംഗിനിടയിലെ ഒരു സംഭവത്തിന്റെ പുനരാവിഷ്‌കാരമാണ്. വിവേക് ഒബ്റോയയും ശശികുമാര്‍ ചേട്ടനും തമ്മിലുള്ള നിര്‍ണായകമായ ഒരു സീനെടുക്കുകയായിരുന്നു.
അതിനിടയില്‍ എന്റെ മകള്‍ വന്നെന്റെ കാലില്‍ പിടിച്ചു വലിച്ചു വീട്ടിലേക്ക് കൊണ്ടു പോകാനൊരുങ്ങി. കാല്‍ വിടുന്നേയുണ്ടായിരുന്നില്ല, മുറുകെപ്പിടിച്ചിരിക്കയായിരുന്നു. ആ സീനാണ് സുപ്രിയ കേക്കില്‍ അവതരിപ്പിച്ചത്. ഇക്കുറി ഞങ്ങള്‍ മൂന്നു പേരുടെയും പിറന്നാള്‍ ആഘോഷിച്ചത് ലൂസിഫര്‍ സെറ്റിലായിരുന്നു.’. പൃഥിരാജ് കുറിച്ചു.
പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വെച്ച് സുപ്രിയ ഇന്‍സ്റ്റാഗ്രാമിലൂടെ ആശംസകള്‍ നേരുകയും ചെയ്തു. ‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടയാള്‍ക്കു പിറന്നാള്‍ ആശംസകള്‍. ഈ വര്‍ഷം ഏറെ നാഴികക്കല്ലുകള്‍ നിറഞ്ഞതായിരുന്നു. നമ്മുടെ നിര്‍മ്മാണത്തിലെ ആദ്യ സംരംഭമായ നയനും പൃഥ്വിയുടെ സംവിധാനത്തില്‍ പിറന്ന ആദ്യ ചിത്രം ലൂസിഫറും സംഭവിച്ചത് ഈ വര്‍ഷത്തില്‍.. ഇതിലും വലിയ സന്തോഷങ്ങള്‍ ഇനി വരാനില്ല… എല്ലാ വിധ വിജയാശംസകളും.. ഒപ്പം നിങ്ങളാഗ്രഹിക്കുന്ന പോലെ കുടുംബത്തോടൊപ്പമിരിക്കാനും സമയമുണ്ടാകട്ടെ…