തൊടുപുഴ: യുവാവ് സ്വർണം തട്ടിയെടുത്തെന്ന പരാതി നൽകാനെത്തിയ യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണം. സംഭവത്തിൽ തൊടുപുഴയിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെയാണ് വകുപ്പു തല നടപടിക്കു സാധ്യത. യുവാവിനെതിരെ പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ നിർബന്ധിച്ച് കാറിനുള്ളിൽ കയറ്റി പീഡിപ്പിച്ചെന്നാണു പരാതിയുയർന്നത്.
യുവതി ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്ന് എഎസ്ഐ 1.75 ലക്ഷം രൂപ നൽകി പരാതി പിൻവലിപ്പിച്ചു തടിയൂരി. എന്നാൽ സംഭവം വിവാദമായതോടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുമെന്നാണ് സൂചന.
തൊടുപുഴ സ്വദേശിനിയാണ് ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാലിന് ഒരാഴ്ച മുന്പ് പരാതി നൽകിയത്. യുവതിയുടെ സുഹൃത്തായ യുവാവ് ഒരുവർഷം മുന്പ് രണ്ടുലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്നും തിരികെ നൽകുന്നില്ലെന്നും പോലിസിൽ പരാതി നൽകിയിരുന്നു. യുവാവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ആഭരണം തിരികെ നൽകാൻ നിർദേശിച്ചു. എന്നാൽ, രണ്ടുലക്ഷം രൂപ ഗഡുക്കളായി നൽകാമെന്നായിരുന്നു യുവാവിന്റെ മറുപടി.
ആദ്യ ഗഡുവായി 25000 രൂപ യുവതിക്കു സ്റ്റേഷനിൽ വച്ചുതന്നെ കൈമാറുകയും ചെയ്തു. ഇതിനിടെയാണ് ഉദ്യോഗസ്ഥൻ പ്രശ്നത്തിൽ ഇടപെട്ടത്. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് യുവതിയെ നിർബന്ധിച്ചു വാഹനത്തിൽ കയറ്റുകയും 5000 രൂപ പിടിച്ചുവാങ്ങിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്നും യുവതി പരാതിയിൽ ആരോപിച്ചു.
പിന്നീട് ധാരണ പ്രകാരം പണം യുവാവ് നൽകാതെ വന്നതോടെ പ്രശ്നത്തിലിടപെട്ട ഉദ്യോഗസ്ഥനെ തന്നെ യുവതി സമീപിച്ചു. എന്നാൽ കൈയൊഴിഞ്ഞ ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതോടെ യുവതി ജില്ലാ പോലിസ് മേധാവിക്കു പരാതി നൽകുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ പരാതി അന്വേഷിക്കാൻ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി തൊടുപുഴയിലെ ഒരു എസ്ഐക്കു നിർദേശം നൽകിയിരുന്നു. അന്വേഷണം ആരംഭിച്ചതോടെ ഉദ്യോഗസ്ഥൻ യുവതിക്ക് ഒന്നേമുക്കാൽ ലക്ഷം രൂപ നൽകി കേസ് പിൻവലിപ്പിച്ചു.
രണ്ടുദിവസം മുന്പ് സ്റ്റേഷനിൽ വച്ചു തന്നെയാണ് പണം നൽകിയതും പരാതി പിൻവലിപ്പിച്ചതും. ഇതേസമയം കേസില്ലെങ്കിൽ തന്നെ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു വ്യക്തമായ സാഹചര്യത്തിൽ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി സ്വീകരിക്കാനുള്ള നീക്കവുമുണ്ട്.