വടക്കഞ്ചേരി: വണ്ടാഴി മോസ്ക്കോ മുക്കിൽ സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിൽ കയറി ഡിവൈഎഫ്ഐ നേതാക്കളെ വെട്ടി പരിക്കേല്പിച്ച കേസിൽ ഒളിവിലായിരുന്ന ഒരാളെ കൂടി മംഗലംഡാം പോലീസ് അറസ്റ്റ് ചെയ്തു. വണ്ടാഴി തെക്കെക്കാട് പ്രഭാകര(44)നെയാണ് എസ്.ഐ.അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആലത്തൂർ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 29 വരെ റിമാൻഡ് ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ ഓർഗനൈസിങ്ങ് സെക്രട്ടറിയാണ് പ്രഭാകരൻ. ഇയാൾ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പിടികൂടിയത്.കേസിൽ അഞ്ച് ബി ജെ പി, ആർ എസ് എസ് പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ എട്ട് പ്രതികളാണുള്ളത്. ഇനിയും രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ച് നാലിന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു ബൈക്കുകളിലെത്തിയ സംഘം സി പി എമ്മിന്റെ ഓഫീസ് ആക്രമിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതലുള്ള രാഷ്ട്രിയ പ്രശ്നങ്ങളാണ് അക്രമത്തിന് വഴിവെച്ചത്.
ത്രിപുര തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി തിരിച്ച് പോയിരുന്ന ബി ജെ പി പ്രവർത്തകരെ പാർട്ടി ഓഫീസിനടുത്ത് വെച്ച് തടഞ്ഞു് വാക്കേറ്റവും അടിപിടിയും ഉണ്ടായതാണ് പ്രകോപനത്തിനിടയാക്കിയത്.