മീടു കാമ്പയിനിലൂടെ കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ ആരോപണമുന്നയിച്ച സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകയുടെ അച്ഛന്‍ എംജെ അക്ബറിനെഴുതിയ കത്ത് പുറത്ത്. അമേരിക്കന്‍ ചാനലായ സി.എന്‍.എന്റെ റിപ്പോര്‍ട്ടറായ മജ്‌ലി ഡേ പൈ ക്യാംപിന്റെ പിതാവ് ജുരിയന്‍ ക്യാംപ് അയച്ച മെയിലാണ് ഹഫിങ്ടണ്‍ പോസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്.
മകളോട് തന്റെ സുഹൃത്ത് അപമര്യാദയായി പെരുമാറിയെന്നറിഞ്ഞിട്ടും പരിധിലംഘിക്കാതെ, സംയമനത്തോടെയും സഭ്യത ചോരാതെയും എഴുതിയ പിതാവിന്റെ കത്ത് വലിയ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ചയാവുകയും ചെയ്തിരിക്കുകയാണ്.
ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ 2007ല്‍ എംജെ അക്ബര്‍ മര്യാദ വിട്ട് തന്നോട് പെരുമാറിയെന്നാണ് മിടൂ ക്യാമ്പയിനിലൂടെ മജ്‌ലി ഡേ പൈ ക്യാംപ് എന്ന മാധ്യമ പ്രവര്‍ത്തക ആരോപിച്ചത്.
‘അവസാന ദിനത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കിത്തന്നതിന് നന്ദി പറയാനായി അക്ബറിനെ കാണാന്‍ ചെന്നിരുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ തന്നെ അക്ബര്‍ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തു.’ എന്നാണ് ക്യാംപ് ട്വിറ്ററില്‍ കുറിച്ചത്.
സംഭവം മകള്‍ തുറന്ന് പറഞ്ഞ ഉടന്‍ പിതാവായ ജുരിയാന്‍ ക്യാംപ് സുഹൃത്തു കൂടിയായ എംജെ അക്ബറിന് അയച്ച മെയിലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. രാഷ്ട്രീയമായ നീക്കങ്ങളാണ് ഇതിനെല്ലാം പിന്നിലെന്ന എംജെ അക്ബറിന്റെ ആരോപണങ്ങളെ തള്ളിക്കളയുന്നതാണ് മജ്‌ലിയുടെ പിതാവ് ജുരിയാന്‍ ക്യാംപ് അക്ബറിനയച്ച മെയില്‍. സംഭവത്തില്‍ മകളോട് താങ്കള്‍ തെറ്റ് ഏറ്റു പറഞ്ഞ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതാണ് കത്തിന്റെ ഉള്ളടക്കം.
മെയിലിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ട എംജെ,
മജ്ലിയുടെ ഡല്‍ഹിയിലെ വിജയകരമായ താമസത്തിന് ശേഷം നമ്മള്‍ മിണ്ടിയിട്ടേയില്ല. ഏഷ്യന്‍ ഏജില്‍ ഉണ്ടായിരുന്ന ആ കാലം അവള്‍ നന്നായി ആസ്വദിച്ചിരുന്നു. അത്തരമൊരു അവസരം നല്‍കിയതിന് താങ്കളോട് ഒരിക്കല്‍ കൂടി എന്റെ നന്ദിയും ഞാന്‍ അറിയിക്കുന്നു.
വീണ്ടും ഒരിക്കല്‍ കൂടി താങ്കളിലേക്കെത്താന്‍ ഞാന്‍ ഒരുപാട് സമയമെടുത്തു; എന്റെ 18കാരിയായ മകളോട് താങ്കള്‍ യാത്ര പറഞ്ഞ രീതി ഞാന്‍ എന്റെ സുഹൃത്തില്‍ നിന്ന് പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല എന്നതാണ് അതിനുള്ള കാരണം.
ഞാനിതൊരിക്കലും ഒരു ഇഷ്യു ആക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. പ്രത്യേകിച്ച് ആ സമയം അവള്‍ സ്തംബ്ധയായിപ്പോയിരുന്നങ്കിലും ആ ഷോക്കിനെ എളുപ്പം മറികടക്കാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നു ( ആ സംഭവം നടന്നയുടന്‍ അവളെന്നെ വിളിച്ച കാര്യങ്ങള്‍ പങ്ക് വെക്കുകയും ചെയ്തിരുന്നു).
പക്ഷെ ആ സംഭവം ഒരു മര്യാദ ലംഘനം തന്നെയായിരുന്നുവെന്ന് താങ്കള്‍ കരുതുകയും അതവളോട് ഏറ്റ് പറയുമെന്നും ഞാന്‍ ആശിക്കുകയാണ്. ഇതാണ് അതിന് ഏറ്റവും അനുയോജ്യമായ സമയം.അതിലൂടെ അവള്‍ക്ക് താങ്കളോടുള്ള ബഹുമാനം അല്‍പമെങ്കിലും തിരിച്ചു പടിക്കാനാവുമെന്ന് ഞാന്‍ കരുതുകയാണ്. അത് താങ്കള്‍ അര്‍ഹിക്കുന്നുമുണ്ട്.
നമ്മളെല്ലാവരും തെറ്റ് ചെയ്യാറുണ്ട്. എന്നാല്‍ അത് തിരുത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യതയില്‍ ഞാന്‍ വിശ്വസിക്കുന്നു. അതിനോട് താങ്കള്‍ യോജിക്കുമെന്ന്ഞാന്‍ കരുതുന്നു. ഈ വിഷയത്തില്‍ തിരുത്താനുള്ള ആദ്യശ്രമം താങ്കളുടെ ഭാഗത്ത് നിന്നുണുണ്ടാവേണ്ടത് എന്നതില്‍ താങ്കള്‍ യോജിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കട്ടെ.
താങ്കള്‍ എന്ത് കരുതുന്നുവെന്ന് എന്നെ അറിയിക്കുമല്ലോ. ജുരിയാന്‍ കാംപ് അരുതാത്തത് നടന്നിട്ടുണ്ടെങ്കില്‍ അഗാധമായ ഖേദം താന്‍ രേഖപ്പെടുത്തുവെന്ന് സമര്‍ഥമായ വാക്കുകളില്‍ പൊതിഞ്ഞാണ് അക്ബര്‍ മറുപടി നല്‍കിയത്.