വടകര: ക്ഷേത്രങ്ങളിലെ ഭണ്ഡാരവും പള്ളികളിലെ നേർച്ചപ്പെട്ടികളും തകർത്ത് പണം കവരുന്നത് ശീലമാക്കിയ വിരുതൻ പോലീസ് പിടിയിൽ. തിരുവള്ളൂർ വെള്ളൂക്കര മേലംകണ്ടി മീത്തൽ അബ്ദുള്ളയാണ് (26) വടകര പോലീസ് ഇൻസ്പെക്ടർ ടി.മധുസൂദനൻനായരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
തിരുവള്ളൂർ ബാവുപ്പാറ ശിവ ക്ഷേത്രം, വടകര പരവന്തല പരദേവത ക്ഷേത്രം, പറന്പിൽ, തോടന്നൂർ, തിരുവള്ളൂർ, പേരാന്പ്ര ഭാഗങ്ങളിലെ പള്ളികൾ എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങളും നേർച്ചപ്പെട്ടികളും കുത്തി തുറന്നു പണം കവർന്നത് ഇയാളാണെന്ന് തെളിഞ്ഞു.
ഇയാൾ രണ്ടു വർഷത്തോളമായി വിദേശത്താണെന്നു പറഞ്ഞു വീട്വിട്ടു നിൽക്കുകയാണ്. നാട്ടുകാരുടെ അറിവിൽ ഇയാൾ വിദേശത്താണ്. എന്നാൽ ഒരു വർഷത്തോളമായി വീട്ടിൽ പോകാതെ ലോഡ്ജുകളിലും മറ്റും ഒളിച്ചുതാമസിച്ച് കളവു നടത്തി സുഖലോലുപനായി കഴിയുകയായിരുന്നു.
രണ്ടുവർഷം മുന്പ് സുഹൃത്തിനോടൊപ്പം ചേർന്ന് നാട്ടിലെ ഒരാളുടെ ലാപ്ടോപ്പ് മോഷ്ടിച്ച കേസിൽ സുഹൃത്തിനെ പിടികൂടിയെങ്കിലും ഇയാൾ ഗൾഫിലേക്ക് കടന്നു. ഇതിനു ശേഷം നാട്ടിലെത്തിയില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ നേപ്പാൾ വഴി ഇന്ത്യയിലെത്തിയ അബ്ദുള്ള ബാംഗ്ലൂർ, കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ ഒളിച്ചുതാമസിച്ചാണ് മോഷണം നടത്തിയത്. ഭണ്ഡാരം തകർത്ത് കിട്ടുന്ന ചില്ലറതുട്ടുകൾ കടക്കാർക്ക് നൽകും. പലയിടത്തും നിന്ന് പതിനായിരകണക്കിനു രൂപ ഇയാൾക്കു കിട്ടി.
ഒരു മാസം മുന്പ് തിരുവള്ളൂർ ബാവുപ്പാറ ക്ഷേത്രത്തിൽ നിന്ന് ഏഴ് ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു. വടകര പരവന്തല ക്ഷേത്രത്തിൽ പണം കവർന്ന ശേഷം പോകുന്പോൾ സിസിടിവിയിൽ കുടുങ്ങിയിരുന്നു. വാടകക്കെടുത്ത ബൈക്കിലായിരുന്നു ഇയാൾ വന്നത്.
തുടർന്നാണ് പ്രതിയിലേക്ക് അന്വേഷണം നീണ്ടതും വടകര പുതിയ സ്റ്റാന്റിന് സമീപം പിടിയിലായതും. ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ സി.എച്ച്.ഗംഗാധരൻ, കെ.പി.രാജീവൻ, സി.യൂസഫ്, വി.വി.ഷാജി, പ്രദീപൻ എന്നിവരടങ്ങിയ സംഘമാണ് കേസുകൾക്കു തുന്പുണ്ടാക്കിയത്. മറ്റു ജില്ലകളിൽ കളവു നടത്തിയോ എന്നറിയാൻ ഇയാളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.