സ്വന്തം ലേഖകൻ
തൃശൂർ: ശബരിമലയിലേക്ക് വരുന്ന യുവതികളെ തടയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ല. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ അത്തരത്തിൽ പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനമല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഡിസിസി ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളെ നടക്കുന്ന സമരത്തിൽ സുധാകരൻ പങ്കെടുക്കുന്നത് പാർട്ടി തീരുമാനമനുസരിച്ചു തന്നെയാണ്. അതിൽ പല കോണ്ഗ്രസ് നേതാക്കളും പങ്കെടുക്കുന്നുണ്ട്. കോണ്ഗ്രസ് നടത്തിവരുന്ന ദിശ എന്ന പരിപാടിയുമായി സഹകരിച്ചുപോകുന്നതിനാലാണ് താൻ പങ്കെടുക്കാത്തതെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞപ്പോൾ, അങ്ങനെയല്ല കൊടിക്കുന്നേൽ സുരേഷും നാളത്തെ സമരത്തിൽ പങ്കെടുക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പല യുവതികളും ശബരിമലയിലേക്ക് വരാൻ തയ്യാറെടുക്കുന്നത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ, യുവതികൾ പരമാവധി ശബരിമലയിലേക്ക് വരരുതെന്നാണ് കോണ്ഗ്രസിന് പറയാനുള്ളത്. പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്നും മുല്ലപ്പള്ളി ആവർത്തിച്ചു.
ശബരിമലയെ കലാപ ഭൂമിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ഈ വിഷയത്തിൽ നിഗൂഢമായ അജണ്ടയുണ്ട്. സർക്കാർ റിവ്യൂ ഹർജി പോകാത്തത് തന്നെ ഇതിന്റെ ഭാഗമായാണ്. സിപിഎമ്മിനെ പോലെ ജാതിമത പ്രീണനം നടത്തുന്ന വേറെ പാർട്ടിയില്ല. കലാപത്തിന് ശ്രമിക്കുകയാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അയോധ്യയാക്കാനാണ് ബിജെപി ശ്രമം.
ഇതും കേരളത്തിൽ നടക്കില്ല. ഓർഡിനൻസ് കൊണ്ടുവരാൻ ബിജെപിക്ക് സാധിക്കുമായിരുന്നുവന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായ പ്രയാർ ഗോപാലകൃഷ്ണൻ നൽകുന്ന റിവ്യൂ പെറ്റീഷന് കോണ്ഗ്രസ് എല്ലാവിധ സഹായങ്ങളും നൽകും.
പ്രമുഖ അഭിഭാഷകരായ കപിൽ സിബലിനെയും, മനു അഭിഷേകിനെയും പാർട്ടി നേതാക്കൾ തന്നെയാണ് ബന്ധപ്പെടുത്തി കൊടുക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി പി.സി.ചാക്കോ ഉൾപ്പെടെയുള്ള നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.