എല്ലാം തന്നിഷ്ടപ്രകാരം! തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് സിദ്ദിഖും കെപിഎസി ലളിതയും പറഞ്ഞ കാര്യങ്ങള്‍ സംഘടനയുടെ നിലപാടല്ല; സിദ്ദിഖിനെ തള്ളി അമ്മ

കൊച്ചി: തിങ്കളാഴ്ച വാർത്താസമ്മേളനം വിളിച്ച് സിദ്ദിഖും കെപിഎസി ലളിതയും പറഞ്ഞ കാര്യങ്ങൾ സംഘടനയുടെ നിലപാടല്ലെന്ന് താരസംഘടനയായ അമ്മ. തിങ്കളാഴ്ച രാവിലെ അമ്മയുടെ വക്താവായ ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് തള്ളി സിദ്ദിഖ് കാര്യങ്ങൾ വ്യക്തമാക്കി 24 മണിക്കൂറിനകമാണ് അമ്മ വീണ്ടും നിലപാട് മാറ്റിയത്.

സെക്രട്ടറി കൂടിയായ സിദ്ദിഖ് പറഞ്ഞ വാക്കുകൾ ശരിയാണെന്ന് മറ്റൊരു ഭാരവാഹിയായ ഇടവേള ബാബു തിങ്കളാഴ്ച തന്നെ സ്ഥിരീകരിച്ചതാണ്. പ്രസിഡന്‍റ് മോഹൻലാൽ അറിഞ്ഞാണ് കാര്യങ്ങൾ പറയുന്നതെന്ന് സിദ്ദിഖ് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം തെറ്റാണെന്നാണ് ഇപ്പോൾ സംഘടനയുടെ നിലപാട്. ഇതോടെ ഡബ്ല്യൂസിസി ഉന്നയിച്ച വിഷയത്തിൽ അമ്മയുടെ നിലപാട് എന്താണെന്നുള്ള അവ്യക്തത തുടരുകയാണ്.

സിദ്ദിഖ് വാർത്താ സമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങളെല്ലാം അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളിലെ ഭൂരിഭാഗം പേരും തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോർട്ട്. വ്യക്തിതാത്പര്യം മുൻനിർത്തി തന്നിഷ്ടപ്രകാരം കെപിഎസി ലളിതയെയും കൂട്ടി സിദ്ദിഖ് മാധ്യമങ്ങളെ കാണുകയായിരുന്നുവെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നിലപാട്. അമ്മയുടെ ട്രഷറർ കൂടിയായ ജഗദീഷ് തന്നെയാണ് സംഘടനയുടെ ഒൗദ്യോഗിക വക്താവെന്നും അമ്മയിലെ അംഗങ്ങൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആരും പരസ്യ നിലപാട് സ്വീകരിക്കാൻ തയാറല്ല.

സിദ്ദിഖ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ദിലീപ് അമ്മയിൽ നിന്നും രാജിവച്ച വിവരം പുറത്തായത്. രാവിലെ ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. ദിലീപിന്‍റെ രാജി അംഗീകരിക്കാത്ത സാഹചര്യത്തിൽ രാജിക്കാര്യം പരസ്യപ്പെടുത്തേണ്ടെന്ന പൊതുനിലപാടാണ് അമ്മയ്ക്കുണ്ടായിരുന്നത്. അതിനാലാണ് വാർത്താക്കുറിപ്പിൽ രാജിവിവരം ഒഴിവാക്കിയത്. എന്നാൽ സിദ്ദിഖ് ഇത് പരസ്യമാക്കിയതോടെ അമ്മയിൽ ഭിന്നതയുണ്ടെന്ന് പൊതുസമൂഹത്തിൽ വ്യക്തമാകുകയും ചെയ്തു.

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അമ്മയുടെ അവയ്‌ലബിൾ എക്സിക്യൂട്ടീവ് യോഗം 19ന് ചേരാൻ തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്‍റ് മോഹൻലാൽ വിദേശത്തേക്ക് പോകുന്നതിനാലാണ് 24ന് നിശ്ചയിച്ചിരുന്ന യോഗം നേരത്തെയാക്കിയത്. ഈ യോഗത്തിൽ ദിലീപിന്‍റെ രാജിവിഷയവും ഡബ്ല്യൂസിസി ഉന്നയിച്ച ആരോപണങ്ങളും അമ്മ ചർച്ച ചെയ്യും.

Related posts