മടത്തറ. : പാലോട് റേഞ്ചിലെപൊന്മുടി വനമേഖലയില്‍ കേഴയെ വേട്ടയാടി ഇറച്ചിയാക്കിയ കേസില്‍ പ്രതികളായ പോലീസുകാര്‍ ഇപ്പോഴും ഒളിവില്‍ തന്നെ. കേസിലെ പ്രധാന പ്രതികളായ പൊന്മുടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ കൊല്ലയില്‍ റോഡുവിള വീട്ടില്‍ അയൂബ് ഖാന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഭരതന്നൂര്‍ ലെനിന് കുന്നില്‍ നിളയില്‍ വീട്ടില്‍ എസ് രാജീവ്, പാലോട് പേരയം താളികുന്നില് വിനോദ് നിവാസില്‍ വിനോദ് എന്നിവരാണ് ഇപ്പോഴും ഒളിവില്‍ കഴിയുന്നത്. ഇവരെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്.
രണ്ടുമാസം മുമ്പാണ് വനം വകുപ്പ് പാലോട് റേഞ്ചിലെ കല്ലാര്‍ സെക്ഷനിലെ പൊന്മുടി ഭാഗത്ത് നിന്നും കേഴയെ വെടിവച്ചുകൊന്നു ഇറച്ചിയാക്കി കടത്തിയത്. പോലീസ് യൂണിഫോമില്‍ എത്തി കേഴയെ വെടിവയ്ക്കുകയും ഇറച്ചിയാക്കി പോലീസ് ജീപ്പില്‍ തന്നെ വനം ചെക്ക് പോസ്റ്റ് വഴി കടത്തുകയുമായിരുന്നു.
കേസില്‍ പോസ്റ്റ് മാസ്റ്റര്‍ ഉള്‍പ്പടെ നാലുപേരെ വനലപകര് പിടികൂടിയിരുന്നു. ഇവര്‍ ജാമ്യത്തിലുമാണ്. എന്നാല്‍ അന്ന് മുതല്‍ ഒളിവില്‍ പോയ പ്രതികള്‍ പലതവണ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചുവെങ്കിലും തള്ളുകയായിരുന്നു.
ഒടുവില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പോലീസുകാര്‍.
എന്നാല്‍ പ്രതികള്‍ക്ക് പോലീസില്‍ നിന്നുള്ള ചിലരുടെ സഹായം ലഭിക്കുന്നുണ്ടന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രതികളെ പിടികൂടാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണെന്ന് പാലോട് വനം റേഞ്ച് അധികൃതര്‍ വ്യക്തമാക്കുമ്പോഴും പ്രതികള്‍ക്കായി ഇരുട്ടില്‍ തപ്പുകയാണ് വനപാലകര്‍. ഉന്നത സ്വാധീനമുള്ള പ്രതികള്‍ക്കായി ചില രാഷ്ട്രീയ സമ്മര്‍ദം ഉണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.