വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിന് കാരണമാക്കിയ അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്ക്കറാണെന്ന് ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. തൃശൂരില്‍ നിന്ന് കൊല്ലം വരെ താനും അതിനു ശേഷം ബാലഭാസ്ക്കറുമാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അര്‍ജുന്റെ മൊഴിയില്‍ പറയുന്നത്.
കൊല്ലത്ത് വച്ച് താനും ബാലഭാസ്കറും കരിക്കിന് ഷേക് കുടിച്ചു. തുടര്‍ന്ന് വണ്ടിയോടിച്ചത് ബാലഭാസ്ക്കറാണെന്നാണ് അര്‍ജുന്റെ മൊഴിയില്‍ പറയുന്നത്. ലക്ഷ്മിയും മകളും മുന്‍വശത്തെ സീറ്റിലായിരുന്നുവെന്നും അപകടമുണ്ടാപ്പോള്‍ താന്‍ മയക്കത്തിലായിരുന്നുവെന്നും അര്‍ജുന്റെ മൊഴിയില്‍ പറയുന്നു.
സെപ്റ്റംബര്‍ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. തൃശ്ശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബാലഭാസ്കറും കുടുംബവും അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. മകള്‍ തേജസ്വിനി ബാല അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ചികിത്സയില്‍ തുടരുകയാണ്.