എം.ജി. ലിജോ
ഒന്നുകിൽ അവസാന ഐലീഗ്, അല്ലെങ്കിൽ ഐഎസ്എലിന്റെ വാൽ. മറ്റൊരു ഐലീഗ് സീസണിന് തുടക്കമാകുന്പോൾ ക്ലബ്ബുകൾക്ക് പ്രതീക്ഷകളെക്കാൾ ആശങ്കയാണ്. ഭാവിയെക്കുറിച്ച് വലിയ വ്യക്തത ഇല്ലെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിലേക്കാണ് ഐലീഗ് ടീമുകൾ പന്തുതട്ടുന്നത്. 26 മുതലാണ് ഈ സീസണ് ആരംഭിക്കുക. ഐലീഗിനെ ഐഎസ്എലുമായി ലയിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് മറ്റൊരു സീസണ് കടന്നെത്തുന്നത്. ഭാവി എന്തെന്നുറപ്പില്ലെങ്കിലും ജനകീയ അടിത്തറയുള്ള ക്ലബ്ബുകൾ ഒരുങ്ങി തന്നെയാണ് ഇറങ്ങുന്നത്.
പുതുമുഖങ്ങളായ റയൽ കാശ്മീർ ഉൾപ്പെടെ 11 ക്ലബ്ബുകളാണ് ഇത്തവണ ലീഗിനുള്ളത്. തരംതാഴ്ത്തൽ വേണ്ടെന്നുവച്ചതോടെ ചർച്ചിൽ ബ്രദേഴ്സിനെ ഉൾപ്പെടുത്തിയതാണ് എണ്ണം കൂടാൻ കാരണം. നിലവിലെ ചാന്പ്യന്മാർ ചണ്ഡിഗഡ് ആസ്ഥാനമായ മിനെർവ പഞ്ചാബാണ്. മാർച്ചുവരെ ലീഗ് നീണ്ടുനിൽക്കും. സ്റ്റാർ സ്പോർട്സിലാണ് ചില മത്സരങ്ങളുടെ തത്സമയ സംപ്രേഷണം.
ഷില്ലോംഗിന്റെ മാതൃക
ഇന്ത്യൻ ഫുട്ബോളിന്റെ അക്ഷയഖനികളാണ് നോർത്ത് ഈസ്റ്റ് ടീമുകൾ. ശക്തമായ ജനകീയ അടിത്തറയാൽ സന്പന്നമാണ് ഇവിടെനിന്നുള്ള ടീമുകൾ. ഐഎസ്എൽ ടീമുകൾക്ക് കളിക്കാരെ വളർത്തി നല്കി കഴിഞ്ഞ സീസണിൽ ഒട്ടുമിക്ക ക്ലബ്ബുകളും സാന്പത്തികനേട്ടമുണ്ടാക്കി. ഇത്തവണ ഷില്ലോംഗ് ലജോംഗ് എഫ്സി എടുത്ത തീരുമാനം ഇന്ത്യൻ ഫുട്ബോളിലെതന്നെ വിപ്ലവങ്ങളിലൊന്നാണ്. ഒരൊറ്റ വിദേശ താരത്തെയും ഉൾപ്പെടുത്താതെ സീസണ് കളിച്ചു തീർക്കാനാണ് 1983ൽ സ്ഥാപിതമായ ക്ലബ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തായിരുന്നു ക്ലബ്.
ഗോകുലം ഒരുങ്ങിത്തന്നെ
കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലം കേരള എഫ്സി ഇത്തവണ രണ്ടും കല്പിച്ചാണ്. മോഹൻ ബഗാനെതിരേ കോഴിക്കോട് നടക്കുന്ന ആദ്യ മത്സരം തന്നെ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ടീം. ആരാധകരെ കൂടുതൽ ആകർഷിക്കാൻ ഒരുപിടി നല്ല ചുവടുകളും വച്ചുകഴിഞ്ഞു.
ഫ്ളവേഴ്സ് ടിവിയിൽ തത്സമയ സംപ്രേഷണം ഒരുക്കിയത് ജനപ്രിയ നീക്കങ്ങളിലൊന്നാണ്. സ്റ്റേഡിയം നവീകരണവും ഫാൻ ക്ലബ് രൂപീകരണവുമൊക്കെ കൊണ്ടുപിടിച്ച് നടക്കുന്നു. പുതിയ സോഷ്യൽമീഡിയ, മീഡിയ മാനേജർമാർ വന്നതോടെ ഗോകുലം ഉഷാറായെന്ന് ആരാധകരും പറയുന്നു. ബിനോ ജോർജിന്റെ കളരിയിലാണ് ഇത്തവണയും പോരാളിക്കൂട്ടം കളത്തിലിറങ്ങുന്നത്.
കോടിക്കിലുക്കവുമായി ബഗാനും ബംഗാളും
ഐലീഗിന്റെ പ്രധാന പ്രശ്നം സാന്പത്തികമായിരുന്നു. ഇപ്പോൾ കഥയാകെ മാറിവരുന്നു. കോടിക്കിലുക്കവുമായിട്ടാണ് കോൽക്കത്ത വന്പന്മാരായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും എത്തുന്നത്. ഓണ്ലൈൻ കന്പനിയായ ക്വൂസ് കോർപ് കോടികളാണ് ഈസ്റ്റ് ബംഗാളിൽ നിക്ഷേപിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ താരവിപണിയിൽ കൈമറന്ന് പണമിറക്കാൻ ക്ലബിന് സാധിക്കുന്നു. മറുവശത്ത് ബഗാനും മോശമാക്കിയില്ല. രാജ്യാന്തര ടെക്നോളജി കന്പനി സ്ട്രീംകാസ്റ്റ് പത്തു വർഷം കൊണ്ട് 250 കോടി രൂപയാണ് ബഗാന് നല്കുക. പണമില്ലാത്തതിന്റെ പേരിൽ കളി മോശമാകില്ലെന്ന് ചുരുക്കം.
ആരാധകർ ഒഴുകുന്നു, ക്ലബ്ബുകൾ ഹാപ്പി
ഐഎസ്എൽ വന്നെങ്കിലും ഐലീഗിന്റെ ജനപ്രീതി ഓരോ വർഷവും വർധിക്കുകയാണ്. കോൽക്കത്ത ഡെർബി തന്നെ ഉദാഹരണം. ഐഎസ്എലിൽ എടികെയുടെ മത്സരത്തിൽ ഗാലറികൾ ഒഴിഞ്ഞു കിടക്കുന്നു. എന്നാൽ, ബഗാനും ബംഗാളും കളത്തിലിറങ്ങുന്പോൾ സൂചി കുത്താനിടമില്ലാത്ത അവസ്ഥ.
നോർത്ത് ഈസ്റ്റ് ക്ലബ്ബുകളായ ഐസ്വാൾ, നെറോക്ക, ഷില്ലോംഗ് എന്നിവയുടെ മത്സരങ്ങളിലെയും ജനപങ്കാളിത്തം ശ്രദ്ധേയമാണ്. കഴിഞ്ഞ സീസണിൽ ഓരോ മത്സരത്തിലും ശരാശരി എണ്ണം 10,280 പേർ സ്റ്റേഡിയത്തിലെത്തി കളി കണ്ടു. തകർക്കാൻ അഖിലേന്ത്യ ഫുട്ബോൾ അസോസിയേഷന്റെ ശ്രമം തുടരുന്പോഴും ഐലീഗിന്റെ പ്രതാപം കൈമോശം വന്നില്ലെന്ന് വ്യക്തം.