കാസർഗോഡ്: ദളിത് സമുദായത്തെ ആക്ഷേപിച്ചെന്ന പരാതിയിൽ സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരേ കേസ്. ഹൊസ്ദുർഗ് പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്. എൽഐസി ജീവനക്കാരൻ ബാലകൃഷ്ണന്റെ പരാതിയിലാണ് കേസ്.
സ്വകാര്യ ചാനലിന്റെ ചർച്ചയിൽ മാവിലൻ സമുദായാംഗമായ തന്നെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ പരാമർശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എസ്സി-എസ്ടി ആക്ട് 31 പ്രകാരമാണു കേസ്.
അതേസമയം, തനിക്കെതിരേയുണ്ടായ പരാതി തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്നും താൻ എഴുതിയതും പറഞ്ഞതും ദളിത് വിഭാഗത്തിനുവേണ്ടിയാണെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
ഡിസി ബുക്സിന്റെ ചർച്ചയിൽ പറഞ്ഞ വാക്കുകൾ കേട്ട് പരാതിക്കാരൻ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. പന്തിഭോജനം എന്ന തന്റെ കഥയെ ആസ്പദമാക്കിയായിരുന്നു ചർച്ച. ദളിത് അനുകൂല കഥ ചർച്ചചെയ്യുന്പോൾ തനിക്കറിയാവുന്ന ഒരാൾ വെളുത്ത യുവതിയെ കല്യാണം കഴിച്ചിട്ടുണ്ടെന്നും അയാൾ ഉദ്യോഗസ്ഥനാണെന്നും പരാമർശിച്ചിരുന്നു. അല്ലാതെ ആരുടെയും പേര് പറയുകയുണ്ടായില്ല. പ്രസ്തുത ചർച്ച ചാനലിൽ വന്ന കാര്യം പോലും തനിക്കറിയില്ലെന്നും സന്തോഷ് പറഞ്ഞു.