ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ രാഹുൽ ഈശ്വറിനെതിരേ കേസ് എടുക്കാൻ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് രാഹുൽ ഈശ്വർ കലാപത്തിനു ആഹ്വാനം ചെയ്തുവെന്നാണ് പരാതി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വർ കലാപത്തിനു ആഹ്വാനം ചെയ്തെന്നാരോപിച്ച് ആലപ്പുഴയിലെ പൊതുപ്രവർത്തകനായ സുഭാഷ് എം തീക്കാടനാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 30നും ഈ മാസം ഏഴിനും ചാനൽ ചർച്ചകളിൽ പങ്കെടുത്ത രാഹുൽ ഈശ്വർ കലാപത്തിനു പ്രേരിപ്പിച്ചതായാണ് ഹർജിയിലെ ആരോപണം. ഹർജി ഫയലിൽ സ്വീകരിച്ച മജിസ്ട്രേറ്റ് ആർ.
രജിത അന്വേഷണം നടത്താൻ ആലപ്പുഴ സൗത്ത് പോലീസിന് നിർദേശം നൽകി. ഇന്ത്യൻ ശിക്ഷാ നിയമം 153 വകുപ്പ് പ്രകാരം കലാപത്തിനു ആഹ്വാനം ചെയ്ത കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് കോടതി ഉത്തരവ്.
സ്ത്രീകൾ ശബരിമലയിൽ കയറുന്നത് തന്റെ നെഞ്ചിൽ ചവിട്ടി മാത്രമേ സാധ്യമാകൂവെന്നും സംസ്ഥാനം മുഴുവൻ സ്ത്രീ പ്രവേശനത്തിനെതിരേ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് പറഞ്ഞതും കലാപം സൃഷ്ടിക്കാൻ വേണ്ടിയാണെന്നാണ് ഹർജിക്കാരന്റെ ആരോപണം. ഇതു സംബന്ധിച്ച് സുഭാഷ് നേരത്തേ ഡിജിപിക്കും പരാതി നൽകിയിരുന്നു.