കൊച്ചി: കാറിൽ തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തെത്തുടർന്നു കാർ യാത്രികർ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചശേഷം താക്കോൽ ഉൗരിയെടുത്ത സംഭവത്തിൽ കേസെടുക്കുക ഇരുകൂട്ടരുടെയും മൊഴി രേഖപ്പെടുത്തിയശേഷം മാത്രമെന്ന് പോലീസ്.
ആരുടെ ഭാഗത്തുനിന്നാണ് തെറ്റ് സംഭവിച്ചതെന്നു വ്യക്തമായശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്യൂവെന്നും പോലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടോടെ കലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുണ്ടായ സംഭവത്തിൽ സ്ത്രീകളും വിദ്യാർഥികളും അടക്കമുള്ള അറുപതോളം യാത്രികരാണ് മണിക്കൂറുകളോളം വഴിയിൽ കുരുങ്ങിയത്.
പാലാ-കൊന്നക്കാട് സർവീസ് നടത്തുന്ന പാലാ ഡിപ്പോയുടെ ബസിലെ ഡ്രൈവർ സാജു ചാക്കോയാണ് ആക്രമണത്തിനിരയായത്. പള്ളുരുത്തി സ്വദേശികളുടെ കാറിൽ തട്ടിയ ബസ് നിർത്താതെ മുന്നോട്ടെടുത്തതാണ് പ്രകോപനത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് കലൂർ ജംഗ്ഷനിലെത്തിയ ബസ് കലൂർ സ്റ്റാൻഡിലേക്കു തിരിയുന്പോൾ പിൻഭാഗം കാറിന്റെ പിന്നിൽ തട്ടിയിരുന്നു.
തുടർന്നു മുന്നോട്ടെടുത്ത ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാറിലുണ്ടായിരുന്നവർ നേരെ വരുന്നതുകണ്ടു സാജു ബസ് നിർത്തി. ഈ സമയം കാർ യാത്രക്കാർ ബസിനുള്ളിൽ കയറി സാജുവിനെ ആക്രമിക്കുകയായിരുന്നു.
അക്രമത്തിനുശേഷം സംഘം ബസിന്റെ താക്കോലും ഉൗരിയെടുത്ത് സ്ഥലംവിട്ടതോടെ യാത്രികർ കുരുങ്ങുകയായിരുന്നു. പിന്നീട് മണിക്കൂറുകൾക്കുശേഷം താക്കോൽ ടയറുകൾക്കിടയിൽനിന്നുതന്നെ കണ്ടെത്തിയെങ്കിലും രാത്രി ഏറെ വൈകി മറ്റൊരു ബസ് എത്തിച്ചാണു സർവീസ് തുടർന്നത്.