കോഴിക്കോട്: വാഹനപരിശോധനയില്‍ ഒഴിവ് കഴിവുകള്‍ പറയേണ്ടന്ന മുന്നറിയിപ്പുമായി പോലീസ്. ധാര്‍ഷ്ട്യവും പകപോക്കലുമെല്ലാം വാഹനപരിശോധന നടത്തുന്ന പോലീസുകാരോട് തോന്നുമെങ്കിലും വാഹനപരിശോധനയിലൂടെ നിങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് നിര്‍വഹിക്കുന്നതെന്നാണ് പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ്. വാഹനപരിശോധനക്കിടെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പോലീസ് അക്കമിട്ട് നിരത്തുന്നു.
അതേസമയം വാഹനപരിശോധനയില്‍ അസൗകര്യം നേരിട്ടാലും അത് നിങ്ങളുടെ സുരക്ഷയ്ക്കും, നാടിന്റെ രക്ഷക്കും വേണ്ടിയാണെന്ന മുന്നറിയിപ്പും പോലീസ് നല്കുന്നു. ഒഴിവുകഴിവുകളും ന്യായീകരണങ്ങളും നിങ്ങളുടെ ജീവന് രക്ഷിക്കാന്‍ ഉപകരിക്കില്ലെന്ന മുഖവുരയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.
റോഡില്‍ വാഹനപരിശോധന വേളയില്‍ ഹെല്‍മറ്റ് ധരിക്കാതെ വരുന്ന മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുവരുന്നവരോട് ഹെല്‍മറ്റിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ പറയുന്ന മറുപടികള്‍ അക്കമിട്ടാണ് പോലീസ് നിരത്തിയിട്ടുള്ളത്. സര്.. .ഞാന്‍ ഒരു മരണവീട്ടിലേക്ക് പോയി വരികയാണ്….സാറേ ആശുപത്രിയില്‍ പോകുകയാണ്… മരുന്ന് വാങ്ങാന്‍ പോവുകയാണ്, വീട് തൊട്ടടുത്താണ് സാര്‍ , സര്, ഞാന്‍ ആ കടയില്‍ നിന്ന് ഇറങ്ങിയതേയുള്ളൂ… എനിക്ക് കഴുത്തിന് അസുഖമാ… അതാ ഹെല്‍മറ്റ് വെക്കാതിരുന്നത്, എന്നിങ്ങനെയാണ് നിരത്തുന്ന ഒഴുവുകഴിവുകള്‍.
അതേസമയം ചിലര്‍ അവരുടെ ഉദ്യോഗപ്പേര് പറയും, മറ്റു ചിലര്‍ ചിലര്‍ വളരെ ഗൗരവത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയക്കാരുടെയോ പേരുപറയുകയും ചെയ്യാറുണ്ടെന്ന് പോലീസ് തന്നെ വ്യക്തമാക്കുന്നു. അവര്‍ക്കിതൊന്നും ബാധകമല്ലെന്ന മട്ടില്‍ സംസാരിക്കുകയാണ് ചെയ്യാറുള്ളത്.
ചിലര്‍ കാലത്തു തന്നെ തുടങ്ങി പോലീസിന്റെ പിരിവ് എന്ന് പിറുപിറുത്ത് രൂക്ഷമായി നോക്കുകയും ചിലര്‍, ഇതാ കൊണ്ടുപോയി ജീവിക്ക് എന്ന മട്ടില്‍ ശപിക്കുകയും ദേഷ്യത്തില്‍ ഫൈന്അടക്കാന് തയ്യാറാകുകയും ചെയ്യാറുണ്ടെന്നുമാണ് പോലീസിന്റെ സാക്ഷ്യപ്പെടുത്തല്‍. ചിലര്‍ ചില്ലറ കൈവശം ഉണ്ടെങ്കിലും അഹങ്കാരത്തോടെ 2000 രൂപ നോട്ട് നീട്ടും. ഒന്നര ലക്ഷം രൂപയുടെ ബുള്ളറ്റില്‍ ഹെല്‍മറ്റ് വെയ്ക്കാതെ വന്നതിന് 100 രൂപ ഫൈനടയ്ക്കാന്‍ പറയുമ്പോള്‍ 100രൂപ പേഴ്സില്‍ കാണാതെ ചില്ലറ തിരിയുന്ന ചിലരുമുണ്ടെന്നുംപോലീസുദ്യോഗസ്ഥര് വാഹനം കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപെടുമ്പോള്‍ ചിലര്‍ നിര്‍ത്താതെ ഓടിച്ചുപോകാറുണ്ടെന്നും പോലീസ് പറയുന്നു.
അതേസമയം വാഹനപരിശോധന ചിലര്‍ മൊബൈലില്‍ പകര്‍ത്തുന്നതും പോലീസ് പോസ്റ്റില്‍ പ്രതിബാധിച്ചിട്ടുണ്ട്. ഓര്‍ക്കുക ! ഒഴിവുകഴിവുകളും ന്യായീകരണങ്ങളും നിങ്ങളുടെ ജീവന് രക്ഷിക്കാന്‍ ഉപകരിക്കില്ലെന്നും നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഓര്‍മപ്പെടുത്തുകയാണ് ഫേസ്ബുക്ക് പോസ്റ്റ്.
കൂടാതെ വാഹന മോഷ്ടാക്കള്‍, ലഹരിവസ്തുകടത്തുന്നവര്, കള്ളക്കടത്തു സംഘങ്ങള്‍ തുടങ്ങി പല ക്രിമിനലുകളെയും പിടികിട്ടാപുള്ളികളെയും പോലീസിന് പിടികൂടാന്‍ സാധിക്കുന്നതും വാഹനപരിശോധനയ്ക്കിടെയാണ് എന്ന് കൂടി മനസിലാക്കണമെന്നും കുറ്റകൃത്യങ്ങള്‍ തടയാനുള്ള ഒരു ഉപാധികൂടിയാണ് ഇത്തരം പരിശോധനകളെന്നും ഓര്‍മപ്പെടുത്തിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.