മുംബൈ: സുഹൃത്തിന്റെ മരണത്തിനു പ്രതികാരമായി യുവാവ് സുഹൃത്തിന്റെ മുൻ കാമുകിയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ലത്തൂരിലാണു സംഭവം. അപൂർവ യാദവ് എന്ന പെണ്‍കുട്ടിയാണ് കഴുത്തറത്തു കൊല്ലപ്പെട്ടത്. കേസിൽ അമർ ഷിൻഡെ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് വിശാൽനഗറിലെ വീട്ടിലെത്തിയാണ് അമർ അപൂർവയെ കൊലപ്പെടുത്തിയത്. ഈ സമയം യുവതിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. യുവതിയുടെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റിരുന്നു. തന്റെ സുഹൃത്ത് സാർഥക്കിന്റെ മരണത്തിനു പ്രതികാരമായാണ് അപൂർവയെ കൊലപ്പെടുത്തിയതെന്ന് അമർ പോലീസിനു മൊഴി നൽകി.
കർണാടക മെഡിക്കൽ കോളജ് വിദ്യാർഥിനിയായിരുന്നു അപൂർവ. അപൂർവ ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ ലത്തൂർ സ്വദേശിയായ സാർഥക് ജീവനൊടുക്കിയിരുന്നു. സാർഥകിന്റെ മരണത്തിൽ അപൂർവയ്ക്കും പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ കാമുകനുമെതിരേ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസ് രജിസ്റ്റർ ചെയ്തു. അപൂർവ കേസിൽ ജാമ്യത്തിലാണ്.