കോട്ടയം: പ്രളയക്കെടുതിക്കിരയായി സർക്കാർ സഹായം ലഭിക്കാത്തവർ ചോദിക്കുന്നു, ഇനി ഞങ്ങൾ എന്തു ചെയ്യണം?. രണ്ടും മൂന്നും തവണ അപേക്ഷ നല്കി. വില്ലേജ് ഓഫീസും താലൂക്ക് ഓഫീസും കയറിയിറങ്ങി. എന്നിട്ടും നൂറുകണക്കിനാളുകൾക്ക് സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടിയില്ല.
ബാങ്ക് അക്കൗണ്ടിലെ പിശകും റേഷൻ കാർഡിലെ നന്പർ ഇല്ലാത്തതുമാണെന്നു പറഞ്ഞ് ഇതുവരെ തള്ളിനീക്കി. ഇതെല്ലാം ശരിയാക്കി ചെന്നാലും ഇക്കാര്യത്തിൽ അധികൃതർക്ക് ഇപ്പോൾ മറുപടിയില്ല. പതിനായിരം കിട്ടാത്തവരുടെ തിരക്കാണു കോട്ടയം താലൂക്ക് ഓഫീസിൽ എല്ലാദിവസവും ഉണ്ടാകുന്നത്. വരുന്നവരിൽ നിന്നൊക്കെ അപേക്ഷ സ്വീകരിക്കുന്നുണ്ട്. ദിവസം ഇരുനൂറും മൂന്നൂറും പേരാണു താലൂക്ക് ഓഫീസിൽ എത്തുന്നത്.
റേഷൻ കാർഡില്ലാത്ത ഇതര സംസ്ഥാനതൊഴിലാളികൾക്കു വരെ പതിനായിരം നല്കി. എന്നിട്ടും ഇവിടെ ദിവസങ്ങളോളം വെള്ളത്തിലായവർക്ക് എന്തുകൊണ്ട് സഹായം ലഭിക്കുന്നില്ല എന്ന ചോദ്യത്തിന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒരു മറുപടിയുമില്ല.
റേഷൻകാർഡും മറ്റു രേഖകളുമൊന്നും ഒരു വിഷയമേ അല്ലെന്നും രണ്ടുദിവസമെങ്കിലും വീട് വെള്ളത്തിലായിട്ടുണ്ടെങ്കിൽ അവർക്ക് പതിനായിരം രൂപയുടെ സഹായം ലഭിക്കുമെന്നുമായിരുന്നു സർക്കാർ പ്രഖ്യാപനം. പക്ഷേ ഓരോ കാരണങ്ങൾ പറഞ്ഞു പലർക്കും ധനസഹായം നിഷേധിക്കുന്നതാണു കണ്ടുവരുന്നത്.