കോട്ടയം: എടിഎം കവർച്ചാ കേസിലെ പ്രതികൾ മണിപ്പുഴയിൽനിന്നു തട്ടിക്കൊണ്ടുപോയ പിക്കപ്പ് വാൻ ഓടിച്ചത് അമിതവേഗതയിലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കോട്ടയം മുതൽ ചാലക്കുടി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുന്പോഴാണ് ഇക്കാര്യം വ്യക്തമായത്.
കൊരട്ടി ഭാഗത്ത് വാനിന്റെ സ്പീഡ് 93 കിലോമീറ്ററാണ്. പലയിടത്തും ഇതേ സ്പീഡിലാണു വാഹനം പാഞ്ഞത്. മോഷ്ടാക്കളുടെ ദൃശ്യം വഴിയിലുള്ള കാമറകളിൽ പെടാതിരിക്കാനായിരിക്കാം ഓവർ സ്പീഡിൽ പോയതെന്നു കരുതുന്നു. കാമറ ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായില്ല.
കവർച്ചയ്ക്കുശേഷം ചാലക്കുടിയിൽ ഉപേക്ഷിച്ച പിക്ക്അപ് വാൻ സയന്റിഫിക് പരിശോധനയ്ക്കു വിധേയമാക്കി. താക്കോൽ ദ്വാരത്തിന് അയവ് ഉണ്ടെന്നു കണ്ടെത്തി. അതായത് പഴയ താക്കോൽ ഉപയോഗിച്ചാൽ ഒരുപക്ഷേ വണ്ടി ഓടിക്കാൻ കഴിയുമെന്നാണു കണ്ടെത്തൽ. എട്ടുവർഷത്തെ പഴക്കമുള്ളതാണു പിക്ക്അപ് വാൻ.
തൃശൂർ, എറണാകുളം ജില്ലകളിലെ എടിഎം കവർച്ചയും കോട്ടയം ജില്ലയിലെ കവർച്ചാശ്രമവും ആസൂത്രിതമെന്ന നിഗമനത്തിലാണു പോലീസ്. വിവിധ സ്ഥലങ്ങളിൽ ആഴ്ചകളോളം താമസിച്ചു കവർച്ച നടത്തേണ്ട സ്ഥലത്തെ രേഖാചിത്രം അടക്കം എല്ലാം തയാറാക്കിയ ശേഷമായിരുന്നു ഓപ്പറേഷൻ എന്നാണു പോലീസ് കരുതുന്നത്.
കവർച്ചക്കാർ രണ്ടോ മൂന്നോ സ്ഥലത്ത് തന്പടിച്ചാണ് എത്തിയതെന്നും കരുതുന്നു. മണിപ്പുഴയിൽനിന്നു പിക്കപ്പ് വാൻ മോഷ്ടിച്ചു പോകുന്നതു മൂന്നു പേരാണ്. കവർച്ച നടത്തിയത് ഏഴു പേരാണ് എന്നാണ് ഇതുവരെ ലഭിച്ച വിവരങ്ങളിൽനിന്നു വ്യക്തമായത്. അതായത് ബാക്കി നാലു പേർ കോട്ടയത്തിനും ചാലക്കുടിക്കും മധ്യേ പലയിടത്തുനിന്നു കയറിയതാണെന്നു വ്യക്തം.
ഇവരൊക്കെ ആഴ്ചകളായി അതാത് സ്ഥലങ്ങളിൽ വന്നു താമസിക്കുന്നവരായിരിക്കാം. മുൻപ് ആലപ്പുഴയിൽ നടന്ന എടിഎം കവർച്ചാ കേസിൽ പ്രതികൾ ആഴ്ചകൾക്കു മുൻപേ വന്ന് താമസിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോഴത്തെ അന്വേഷണവും നീങ്ങുന്നത്.
സാധാരണയായി എടിഎം കൗണ്ടറുകൾ തകർക്കാൻ ശ്രമിച്ചാൽ അലർട്ട് ഉണ്ടാവേണ്ടതാണ്. ബാങ്കിന്റെ മുംബൈയിലെ ആസ്ഥാനത്തേക്കാണ് അലർട്ട് പോകുന്നത്. അവിടെനിന്ന് അപ്പോൾ തന്നെ പോലീസിനെ അറിയിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ കവർച്ചക്കാർ രക്ഷപ്പെട്ടു പോകുന്നതിനു മുൻപേ പിടിക്കാമായിരുന്നു. അതുണ്ടായില്ല. സാധാരണ ഇത്തരം അലർട്ടുകൾ കേടാകുകയാണു പതിവ്. പിറ്റേന്ന് രാവിലെയാകും കവർച്ചക്കാര്യം അറിയുക.