കൊച്ചി: കൊച്ചിയുടെ ഹൃദയമായ മറൈൻഡ്രൈവിന്റെ സൗന്ദര്യവത്ക്കരണത്തിനായി ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അഥോറിട്ടി (ജിസിഡിഎ) നിരവധി പദ്ധതികൾ പ്രഖ്യപിച്ചിട്ടുണ്ടെങ്കിലും ഒന്നും നടപ്പാകുന്നില്ല. ദിവസേന നൂറുകണക്കിനു വിനോദസഞ്ചാരികളെത്തുന്ന മറൈൻഡ്രൈവിനെ ഒരു വിനോദ മേഖലയാക്കുമെന്നു ജിസിഡിഎ ചെയർമാൻ വി. സലിം ഒരു മാസംമുന്പ് പ്രഖ്യാപിച്ചിരുന്നു. അതിനും തുടർച്ചയുണ്ടായില്ല. മറൈൻഡ്രൈവിന്റെ സൗന്ദര്യമാകട്ടെ പരിചരണമില്ലാതെ നാൾക്കുനാൾ കുറഞ്ഞും വരുന്നു.
മറൈൻ ഡ്രൈവിനായി പലതവണ ആവർത്തിച്ചു ജിസിഡിഎ പ്രഖ്യാപിച്ച കൊച്ചി കായലിനു കുറുകെയുള്ള കേബിൾ കാർ പദ്ധതിയും മൾട്ടിലെവൽ കാർ പാർക്കിംഗും പ്രഖ്യാപനങ്ങളിൽതന്നെ ഒതുങ്ങുകയാണ്. ഇത്തവണത്തെ ബജറ്റിലും ഈ പദ്ധതികളുണ്ട്. ഇവ ഇക്കുറിയെങ്കിലും പ്രാവർത്തികമാകുമോയെന്നതു കണ്ടുതന്നെയറിയണം.
പിപിപി മോഡലിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പാർക്കിംഗ് പദ്ധതിയിൽ ഒരേസമയം മുന്നൂറു കാറുകൾക്കു പാർക്കു ചെയ്യാൻ കഴിയും വിധമുള്ള സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാകും കാർപാർക്കിംഗ് സംവിധാനം സാധ്യമാക്കുക.
മറൈൻഡ്രൈവ് മൈതാനം മുതൽ ബോൾഗാട്ടിവരെ ബന്ധിപ്പിക്കുന്ന തരത്തിലാണ് കേബിൾ കാർ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കായലിനു കുറകെ റോപ്പ് വേ നിർമിക്കുന്നതിനായി പോർട്ട് ട്രസ്റ്റിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. മറൈൻഡ്രൈവിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
മറൈൻ ഡ്രൈവിനെ സൗന്ദര്യവത്കരിക്കാൻ 1.8 കോടിയുടെ ഒരു പദ്ധതിയും മുന്നോട്ടു വച്ചിരുന്നു. മറൈൻഡ്രൈവ് മൈതാനത്ത് ഒരുഭാഗത്ത് ഗ്രാനൈറ്റ് ടൈൽ വിരിക്കലും 247മീറ്റർ ഭാഗത്ത് ഫെൻസിംഗും രണ്ട് ആർച്ച്ഗേറ്റും സ്ഥാപിക്കലാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. ആർച്ച്ഗേറ്റുകൾ രണ്ടും ബാനർജി റോഡിൽനിന്ന് മൈതാനത്തേക്ക് പ്രവേശിക്കാൻ കഴിയുംവിധമാണ് സ്ഥാപിക്കുന്നത്.
ആദ്യത്തേത് മാർക്കറ്റ് റോഡിന് അഭിമുഖമായും രണ്ടാമത്തേത് പോലീസ് കമ്മീഷണർ ഓഫീസിന് അഭിമുഖമായുമാണ് നിർമിക്കുക. മറൈൻഡ്രൈവ് മൈതാനത്തിന് ചുറ്റുമതിൽ നിർമിക്കുക, കായലിന് അഭിമുഖമായി ഇരുന്പുവലകൾ സ്ഥാപിക്കുക, മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുക, മരങ്ങൾക്ക് ചുറ്റു മതിൽ സ്ഥാപിക്കുക എന്നിവയാണ് മറ്റു നവീകരണ പ്രവർത്തനങ്ങൾ. എന്നാൽ ഇവയുടെ കാര്യത്തിൽ ചെറുവിരൽ പോലുമനങ്ങുന്നില്ല.