കൊച്ചി: പുതിയ വാഹനം സ്വന്തമാക്കുന്പോൾ വാഹന വിലയ്ക്കൊപ്പം ഇനിമുതൽ ഇൻഷ്വറൻസ് ആയി വലിയൊരു തുകകൂടി കണ്ടെത്തേണ്ടി വരും. പുതിയ ഇരുചക്ര വാഹനം വാങ്ങുന്പോൾ അഞ്ചു വർഷത്തേക്കും ഓട്ടോറിക്ഷകൾക്കും കാറുകൾക്കും മൂന്നു വർഷത്തേക്കുമുള്ള തേഡ് പാർട്ടി ഇൻഷ്വറൻസ് ഒരുമിച്ച് അടയ്ക്കണമെന്ന നിയമമാണ് ഉപയോക്താക്കൾക്കു വലിയ സാന്പത്തിക ബാധ്യത ഉണ്ടാക്കുന്നത്.
കഴിഞ്ഞ മാസം ഒന്നു മുതലാണ് ഈ നിയമം നടപ്പായത്. 1000 സിസിയിൽ താഴെയുള്ള കാർ എടുക്കുന്പോൾ നേരത്തെ തേഡ് പാർട്ടി പ്രീമിയമായി 2,360 രൂപ അടച്ചാൽ മതിയായിരുന്നു. എന്നാൽ മൂന്നു വർഷത്തെ പ്രീമിയം തുക ഒരുമിച്ചു നൽകണമെന്ന നിയമവും ഇൻഷ്വറൻസ് നിരക്കിൽ അടുത്തിടെ ഉണ്ടായ വർധനയും നടപ്പായതോടെ 18 ശതമാനം ജിഎസ്ടി ഉൾപ്പെടെ 9,381 രൂപ അടയ്ക്കണം. മൂന്നിരട്ടിയിലധികം വർധന. വാഹനത്തിന്റെ സിസിയും ഇൻഷ്വറൻസ് പോളിസിയും വ്യത്യാസപ്പെടുന്നതനുസരിച്ചു തുകയിലും വ്യത്യാസം വരും.
1000 സിസിയിൽ താഴെയുള്ള ഈ കാറിന് മൂന്നു ലക്ഷം രൂപയാണ് വിലയെങ്കിൽ ഓണ്‍ ഡാമേജ് പ്രീമിയത്തിൽ മുന്‍പ് 11,477 രൂപ അടച്ചാൽ മതിയായിരുന്നു (1000 സിസിയിൽ തഴെയുള്ള കാറിന് ഇൻഷ്വറൻസ് ഡിക്ലയേർഡ് വാല്യുവിന്റെ 3.039 ശതമാനം + തേഡ് പാർട്ടി പ്രീമിയമാണ് ഓണ്‍ ഡാമേജ് പ്രീമിയം തുക). മൂന്നു വർഷത്തെ പ്രീമിയം തുക ഒരുമിച്ചാണ് അടയ്ക്കുന്നതെങ്കിൽ 36,732 രൂപ അടയ്ക്കണം.
ഓണ്‍ ഡാമേജ് പ്രീമിയത്തിൽ ഇൻഷ്വറൻസ് കന്പനികൾ ചെറിയ ഇളവ് അനുവദിക്കുമെങ്കിലും ഈ വർധന പുതിയ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കു വലിയ തിരിച്ചടിയാണ്. രാജ്യത്തെ മോട്ടോർ വാഹന വകുപ്പ് നിയമമനുസരിച്ച് തേഡ് പാർട്ടി ഇൻഷ്വറൻസ് നിർബന്ധമായും എടുക്കേണ്ടതാണ്. ഓണ്‍ ഡാമേജ് പോളിസി ഉടമയ്ക്ക് താത്പര്യമുണ്ടെങ്കിൽ എടുത്താൽ മതി. മാത്രമല്ല ഓണ്‍ ഡാമേജ് പോളിസിയുടെ കാലാവധിയും ഉടമയ്ക്ക് തീരുമാനിക്കാം. എന്നാൽ ലോണെടുത്താണ് വാഹനം വാങ്ങുന്നതെങ്കിൽ ഓണ്‍ ഡാമേജ് പോളിസി വേണമെന്നു ബാങ്കുകൾ നിഷ്കർഷിക്കും.
വായ്പാ തുക അടച്ചു തീരുന്നതിന് മുന്‍പ് വാഹനത്തിന് എന്തെങ്കിലും സംഭവിച്ചാൽ നഷ്ടപരിഹാര തുകയിൽനിന്ന് വായ്പയെടുത്ത തുക തിരിച്ചു പിടിക്കുന്നതിനാണിത്. ഭൂരിഭാഗം പേരും വായ്പയെടുത്താണ് വാഹനം വാങ്ങുന്നതെന്നതിനാൽ ഓണ്‍ ഡാമേജ് പോളിസി എടുക്കാൻ ആളുകൾ നിർബന്ധിതരാകും. പ്രീമിയം കാലാവധി വർധിപ്പിച്ചതോടെ വലിയ സാന്പത്തിക ബാധ്യതയാണ് ആളുകൾക്ക് ഉണ്ടാകുന്നതെന്നാണു പരാതി.
ഇൻഷ്വറൻസ് പ്രീമിയത്തിന്റെ കാലാവധി വർധിച്ചതിനോടൊപ്പം പ്രീമിയം നിരക്കിലും വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതലാണ് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഇൻഷ്വറൻസ് പ്രീമിയത്തിൽ വർധന വരുത്തിയത്. ഓണ്‍ ഡാമേജ് പ്രീമിയത്തിന്റെ (ഫുൾ കവർ ഇൻഷ്വറൻസ്) അടിസ്ഥാന നിരക്കിൽ മാറ്റം ഉണ്ടായില്ലെങ്കിലും തേഡ് പാർട്ടി പ്രീമിയം വർധിച്ചതിനാൽ സ്വാഭാവികമായും ഓണ്‍ ഡാമേജ് പ്രീമിയത്തിലും ആനുപാതികമായ വർധനയുണ്ടായി.
ഇതിനു പിന്നാലെയാണ് കഴിഞ്ഞ മാസം 24 മുതൽ തേഡ് പാർട്ടി ഇൻഷ്വറൻസിലെ പിഎ കവർ (കന്പൽസറി പേഴ്സണൽ ആക്സിഡന്റ് കവർ ഫോർ ഓണ്‍ഡ് ഡ്രൈവർ) 50 രൂപയിൽനിന്ന് 750 രൂപയായി കുത്തനെ വർധിപ്പിച്ചിരുന്നു. ഇൻഷ്വറൻസ് നിരക്കിലുണ്ടായ ഭീമമായ വർധന സാധാരണക്കാരുടെ വാഹന സ്വപ്നങ്ങൾക്കാണ് തിരിച്ചടി ആയിരിക്കുന്നത്. കംപൽസറി പേഴ്സണൽ ആക്സിഡന്റ്(സിപിഎ) കവർ പോളിസി ഒരു വർഷം കൂടുന്പോൾ പുതുക്കിയാൽ മതിയെന്ന് ഐആർഡിഎ സർക്കുലറിൽ പറയുന്നുണ്ട്.