അമരാവതി: ബോളിവുഡ് നടൻ നാന പടേക്കർ ഒരു ആഭാസനാണെന്ന് മഹാരാഷ്ട്ര നവനിർമാണ്‍ സേന തലവൻ രാജ് താക്കറെ. പടേക്കർക്കെതിരേ ബോളിവുഡ് നടി തനുശ്രീ ദത്ത അപമാര്യാദയായി പെരുമാറിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താക്കറെയുടെ പരാമർശം. എന്നാൽ തനുശ്രീയുടെ പരാതിയിൽ പടേക്കർ നിരപരാധിയാണെന്നാണു താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാന പടേക്കറെ എനിക്കറിയാം. അയാൾ ഒരു ആഭാസനാണ്. അയാൽ ഭ്രാന്തമായ അനേകം കാര്യങ്ങൾ ചെയ്യും. എന്നാൽ ഇങ്ങനെ (നടിക്കെതിരായ ലൈംഗിക അതിക്രമം) ഒന്നു ചെയ്യുമെന്നു ഞാൻ കരുതുനില്ല. കോടതി ഇക്കാര്യം പരിശാധിക്കട്ടെ. മാധ്യമങ്ങൾക്ക് ഇതിൽ എന്താണു കാര്യം.
മീ ടു ഒഒരു ഗൗരവമുള്ള വിഷയമാണ്. ഇതു സംബന്ധിച്ച് ട്വിറ്ററിൽ നടക്കുന്ന ചർച്ചകൾ ശരിയല്ല- ആന്ധ്രാപ്രദേശിലെ അമരാവതിയിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവെ രാജ് താക്കറെ പറഞ്ഞു. പെട്രോൾ വില, രൂപയുടെ മൂല്യത്തകർച്ച, രാജ്യത്തെ തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽനിന്നു ശ്രദ്ധ വഴിതിരിച്ചു വിടാനാണ് മാധ്യമങ്ങൾ മീ ടു കാന്പയ്ന് അതിയായ പ്രധാന്യം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നാന പടേക്കർക്കെതിരേ തനുശ്രീ ദത്ത ഉന്നയിച്ച ലൈംഗിക ആരോപണത്തോടെയാണ് ഇന്ത്യയിൽ മീ ടു കാന്പയ്ൻ ശക്തി പ്രാപിക്കുന്നത്. 2008-ൽ ഹോണ്‍ ഓക്കെ പ്ലീസ് എന്ന സിനിമയുടെ സെറ്റിൽ നാന പടേക്കർ മോശമായി പെരുമാറിയതിനെ തുടർന്ന് താൻ ഇറങ്ങിപ്പോയെന്നും ഇതിനു പിന്നാലെ എംഎൻഎസ് പ്രവർത്തകർ തന്റെ കാർ തല്ലിത്തകർക്കാൻ ശ്രമിച്ചെന്നും നടി ആരോപിച്ചിരുന്നു.
അതേസമയം, ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ഭാഗമാകാനുള്ള തന്ത്രമാണ് നടിയുടേതെന്നായിരുന്നു എംഎൻഎസ് നേതാക്കളുടെ പ്രതികരണം. ഇതേതുടർന്ന് ലോണവാലയിൽ ബിഗ് ബോസ് ഷൂട്ടിംഗ് മേഖലയിൽ എംഎൻഎസ് പ്രവർത്തകർ എത്തി ഭീഷണി മുഴക്കിയിരുന്നു.