ന്യൂഡൽഹി: ബിജെപി രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ മീ ടു കാന്പയ്നിന്റെ ഭാഗമായതിനു ജോലിയിൽനിന്നു പുറത്താക്കി. ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമസ്ഥാപനങ്ങളുടെ ഉടമയും കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തനും ഏഷ്യാനെറ്റിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ അഭിനവ് ഖരേയ്ക്കെതിരേ പീഡന ആരോപണമുന്നയിച്ച സോനം മഹാജൻ എന്ന യുവതിക്കാണ് ജോലി നഷ്ടപ്പെട്ടത്.
സേനത്തിന്റെ പരാതിയിൽ കന്പനിയിലെ ആഭ്യന്തര അന്വേഷണ കമ്മിറ്റി അന്വേഷണം നടത്തുകയും പരാതിയിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നിട്ടും യുവതിയെ ജോലിയിൽനിന്നു പുറത്താക്കുകയായിരുന്നു. എന്നാൽ കരാർ അവസാനിക്കുന്നതിന്റെ ഭാഗമായാണു ജോലിയിൽനിന്നു പിരിച്ചുവിടുന്നത് എന്നാണു ചന്ദ്രശേഖറിന്റെ ഓഫീസിൽനിന്നു ലഭിക്കുന്ന വിവരം.
2017 ഒക്ടോബർ മുതൽ രാജീവ് ചന്ദ്രശേഖറിന്റെ ബംഗളുരുവിലെ ഓഫീസിൽ സ്ട്രാറ്റജി കണ്സൽട്ടന്റായിരുന്നു സോനം. അഭിനവ് ഖരേയ്ക്ക് കീഴിലാണ് സോനം പ്രവർത്തിച്ചിരുന്നത്. ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം ഖരേയുടെ മോശം പെരുമാറ്റത്തിനെതിരെ സോനം രാജീവ് ചന്ദ്രശേഖറിനു നേരിട്ടു പരാതി നൽകിയിരുന്നു. എന്നിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് അടുത്തിടെ വീണ്ടും തുറന്നുപറച്ചിൽ നടന്നിയത്.