തിരുവനന്തപുരം: ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള വേദിയല്ല പുണ്യ ഭൂമിയായ ശബരിമലയെന്ന് മന്ത്രി പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമായി വരുന്നവർക്ക് സംരക്ഷണം നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്.
അതേ സമയം, ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള വേദിയാക്കാൻ അനുവദിക്കില്ല. സമരത്തിന്റെ ഭാഗമായി വരുന്നവർക്ക് സംരക്ഷണം നൽകാനാകില്ല
ശബരിമല ദർശനത്തിനായി മലയകയറിയ യുവതികൾക്ക് നടപന്തലിന് അപ്പുറം സുരക്ഷ ഒരുക്കേണ്ടെന്ന് മന്ത്രി നിർദ്ദേശം നൽകി. ഇവരെ തിരികെ പന്പയിലെത്തിക്കാനും നിർദ്ദേശം നൽകി. ദർശനത്തിന് എത്തിയത് ആക്ടിവിസ്റ്റുകളാണെന്ന് മനസിലാക്കിയ ഉടൻ സർക്കാർ ഇടപെട്ടു.
ഇവരുടെ പശ്ചാത്തലം മനസിലാക്കാൻ പോലീസിന് കഴിയാത്തതിൽ കടുത്ത വിയോജിപ്പാണ് ദേവസ്വം മന്ത്രി രേഖപ്പെടുത്തിയത്. വരുന്നവരുടെ പശ്ചാത്തലം മനസിലാക്കാത്തതിൽ പോലീസിന് വീഴ്ച പറ്റിയെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ആക്ടിവിസ്റ്റുകളുടെ കൂടെയല്ല സർക്കാർ. വിശ്വാസികളോട് ഒപ്പമാണ് .
വിശ്വാസികളുടെ വികാരം മാനിക്കാതെ ഒരു തീരുമാനവും സർക്കാർ കൈക്കൊള്ളില്ല. മലകയറിയ രണ്ടു പേരും ആക്ടിവിസ്റ്റുകളാണെന്ന് ബോധ്യം വന്നതോടെയാണ് സർക്കാരിന്റെ നിർണായക തീരുമാനം.