പൊൻകുന്നം:കളഞ്ഞു കിട്ടിയ അരലക്ഷം രൂപ തിരികെ ഏല്പിച്ചു റോസമ്മ ടീച്ചർ മാതൃകയായി.മുണ്ടക്കയം സെന്റ് ജോസഫ് സ്കൂൾ അദ്ധ്യാപിക റോസമ്മ ഫിലിപ്പ് പൊൻകുന്നത്ത് ബസ്സിറങ്ങി അടുത്ത ബസ്സു പിടിച്ചു സ്കൂളിലേയ്ക്ക് ധൃതിയിൽ പോകുന്ന വഴിയാണ് അത് കണ്ടത്. റോഡരികിൽ രണ്ടായിരത്തിൽ ഒരു കെട്ട് നോട്ടുകൾ കിടക്കുന്നു.
ഉടൻ തന്നെ ടീച്ചർ അത് കൈയിൽ എടുത്തു എണ്ണിനോക്കി… രണ്ടായിരത്തിന്റെ 25 നോട്ടുകൾ.. അരലക്ഷം രൂപ. പണവും എടുത്തുകൊണ്ടു ടീച്ചർ നേരെ പൊൻകുന്നം പോലീസ് സ്റ്റേഷനിൽ ചെന്ന് സബ് ഇൻസ്പെക്ടർ എ.സി. മനോജ് കുമാറിനെ കണ്ടു കാര്യങ്ങൾ പറഞ്ഞു പണം സുരക്ഷിതമായി ഏൽപ്പിച്ചു.
എരുമേലി മണിപ്പുഴ സ്വദേശി ചാർളി ജോർജ്ജിന്റെ പണമായിരുന്നു അത്. ബസ്സുടമയായ ചാർളി പൊൻകുന്നത്ത് തന്റെ വാഹനം പാർക്ക് ചെയ്തിട്ടു പുറത്തിറങ്ങിയപ്പോൾ ബാഗിൽ നിന്നും താഴെ വീണ പണമായിരുന്നു അത്. വീട്ടിൽ ചെന്നപ്പോഴാണ് പണം നഷ്ട്ടപ്പെട്ട വിവരം അറിഞ്ഞത്.
കാറിൽ നിന്നിറങ്ങിയപ്പോൾ പോയതായിരിക്കും എന്ന സംശയത്തിൽ പൊൻകുന്നത്ത് തിരികെയെത്തി അന്വേഷിച്ചപ്പോഴാണ് പോലീസ് സ്റ്റേഷനിൽ ആരോ പണം ഏൽപ്പിച്ചെന്ന കാര്യം അറിഞ്ഞത്. ഉടൻതന്നെ സ്റ്റേഷനിൽ ചെന്ന് അടയാളങ്ങൾ പറഞ്ഞു പണം തന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടതെന്ന് ഉറപ്പുവരുത്തി.
സബ് ഇൻസ്പെക്ടർ മനോജ് കുമാർ ഉടൻ തന്നെ റോസമ്മ ടീച്ചറെ വിളിച്ചു വരുത്തി, ചാർളിക്കു പണം കൈമാറി. തന്റെ സന്തോഷത്തിനു ടീച്ചർക്ക് ഒരു പാരിതോഷികം നൽകുവാൻ കോട്ടയം-നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന തേജസ് എന്ന സ്വകാര്യ ബസുടമയായ ചാർളി ശ്രമിച്ചുവെങ്കിലും ടീച്ചർ സ്നേഹപൂർവ്വം അത് നിരസിച്ചു. വാഴൂർ തിർത്ഥപാദപുരം വാലോലിൽ കുടുംബാംഗമാണ് സമൂഹത്തിനു മുഴുവൻ മാതൃകയായ റോസമ്മ ഫിലിപ്പ്.