തിരൂർ: പറവണ്ണ പുത്തങ്ങാടി സ്വദേശി കളരിക്കൽ കുഞ്ഞിമോന്റെ മകൻ യാസീ(39)നെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പള്ളാത്ത് ആദമിനെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ആദം. കോട്ടക്കൽ പോലീസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതിയെ തിരൂർ പോലീസ് ആണ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.
ആശുപത്രി വിടുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുമെന്നു തിരൂർ ഡിവൈഎസ്പി നേരത്തെ അറിയിച്ചിരുന്നു. ആദമിനൊപ്പം കൃത്യം നടത്താൻ സഹായിച്ച ഒരാളെയും കേസിൽ പ്രതി ചേർത്തതായി അറിയുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് മദ്യലഹരിയിലെത്തിയ ആദം ട്രിപ്പ് പോകാൻ വിസമ്മതിച്ചതിനെ ചൊല്ലി യാസീനുമായി വാക്കുതർക്കത്തിലേർപ്പെട്ടത്.
ഉടനെ കത്തിയെടുത്തു യാസീനെ രണ്ടു തവണ കുത്തുകയായിരുന്നു. നിലവിളി കേട്ടു ഓടിക്കൂടിയ നാട്ടുകാർ യാസീനെ ആശുപത്രിയിലേക്കു കൊണ്ടു പോയി. ഈ സമയം ആദം യാസീന്റെ ഓട്ടോറിക്ഷ പൂർണമായും അടിച്ചു തകർത്തിരുന്നു. ഇതിനിടെ സംഭവിച്ച പരിക്കിനെ തുടർന്നാണ് ആദമിനെ ആശപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിക്കെതിരെ ശക്തമായി നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാനത്തെ ഓട്ടോഡ്രൈവർമാർ സംഘടിക്കുമെന്നും വിവിധ ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
കുത്തേറ്റ ശേഷം യാസീനെ ആദ്യം തിരൂരിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം നൂറുക്കണക്കിനാളുകളുടെ സാന്നിധ്യത്തിൽ പറവണ്ണ തെക്കേപള്ളി ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
യാസീനെ കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്നു ജനകീയ സമിതിയുടെ നേതൃത്വത്തിൽ പറവണ്ണയിൽ ഹർത്താൽ ആചരിച്ചിരുന്നു. പറവണ്ണയിൽ കടകന്പോളങ്ങൾ പൂർണമായും അടച്ചിട്ടു. ഓട്ടോകൾ നിരത്തിലിറക്കാത്തെ ദു:ഖാചരണത്തിൽ പങ്കാളികളായി.