മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവേശനം നിരോധിച്ച മേഖലകളിൽ സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പടെയുള്ളവർ പ്രവേശിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്നതായി കിയാൽ എംഡി വി. തുളസീദാസ് അറിയിച്ചു.
വിമാനത്താവളത്തിലെ ഫയർ എൻജിനിലടക്കം സിപിഎം പ്രാദേശിക നേതാക്കൾ കയറി എടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ചു വന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഈ മാസം അഞ്ചു മുതൽ 12 വരെ വിമാനത്താവളം പൊതുജനങ്ങൾക്ക് കാണാൻ തുറന്നു കൊടുത്തിരുന്നു. ഇതിനിടെയാണ് നിരോധിത മേഖലകളിൽ സിപിഎം പ്രവർത്തകർക്ക് പ്രവേശനം നൽകിയെന്ന ആക്ഷേപമുയർന്നത്. സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തതോടെ വിമാനത്തവളത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അധികൃതർക്കും മാത്രമാണ് പ്രവേശനം നൽകുകയെന്ന് അദ്ദേഹം അറിയിച്ചു.