കര്‍ഷക പ്രതിഷേധങ്ങള്‍ അടുത്തിടെ രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തങ്ങള്‍ക്ക് അനുകൂലമായ യാതൊരു നടപടികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു കര്‍ഷകര്‍ രാജ്യ തലസ്ഥാനത്ത് സംഘടിച്ച്, പ്രതിഷേധിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്ക് ആശ്വാസമേകി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ രംഗത്തെത്തിയിരിക്കുന്നു.
യുപിയിലെ 850 ഓളം കര്‍ഷകരുടെ ബാങ്ക് വായ്പ അമിതാഭ് ബച്ചന്‍ ഏറ്റെടുത്ത് തിരച്ചടക്കും എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അടുത്തിടെ അദ്ദേഹം മഹാരാഷ്ട്രയിലെ 350 കര്‍ഷകരുടെ വായ്പ തിരിച്ചടച്ചിരുന്നു. ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറാകുന്ന കര്‍ഷകര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാകുന്നത് സംതൃപ്തി തോന്നുന്ന ഒന്നാണെന്ന് ബച്ചന്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഞാന്‍ നടത്തിയ ചെറിയൊരു ഇടപെടലിലൂടെ നിരവധി കുടുംബങ്ങളെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്താനായി. തന്റെ പ്രവര്‍ത്തനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി. മഹാരാഷ്ട്രയെ കൂടാതെ ആന്ധ്രപ്രദേശ്, വിദര്‍ഭ എന്നിവടങ്ങളിലെ കര്‍ഷകര്‍ക്കും തന്റെ ഇടപെടല്‍ സഹായകരമായിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ 850 കര്‍ഷകരുടെ വായ്പയാണ് അടച്ചുതീര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് അഞ്ചര കോടി രൂപ വേണമെന്നാണ് കണക്കാക്കുന്നത്. കൂടാതെ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗ ക്രോര്‍പതി എന്ന പരിപാടിയില്‍ പങ്കെടുത്ത അജീത് സിങ്ങിനും അദ്ദേഹം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.