എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എങ്ങനെ പരിക്കേൽക്കാതെ രക്ഷപ്പെടാമെന്ന ചിന്തയിൽ സിപിഎമ്മും എൽഡിഫും. ശബരിമലയിലെ യുവതീ പ്രവേശന കാര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ മാത്രമെ സർക്കാർ ശ്രമിച്ചുള്ളുവെന്നും അതു നടപ്പാക്കാനുള്ള ബാധ്യത ജനകീയ സർക്കാരിനുണ്ടെന്നും ബോധ്യപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും ശബരിമല വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന ഉറപ്പുള്ള സ്ഥിതിയ്ക്കാണ് ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ എൽഡി.എഫും ആലോചിക്കുന്നത്. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച സമീപനങ്ങളും കേസ് കൊടുത്തത് ആർ.എസ്.എസ് അനുകൂലികളാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തെന്നും ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇക്കാര്യം സിപിഎം പ്രവർത്തകർ ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും കയറി ഇറങ്ങി ബോധ്യപ്പെടുത്തും.
ഇതു കൂടാതെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിശദീകരണ യോഗങ്ങളും ജില്ലാ കേന്ദ്രങ്ങളിൽ നടത്തും. സംസ്ഥാന സർക്കാർ വിശ്വാസികളോടൊപ്പമാണെന്നും ഇക്കാര്യത്തിൽ ഒരു തരത്തിലുമുള്ള നിലപാട് മാറ്റവും പാർട്ടിയോ സർക്കാരോ വരുത്തിയിട്ടില്ലെന്നും ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തിലുള്ള കോൺഗ്രസിന്റെ നിലപാടില്ലായ്മയും ബിജെപിയുടെ നിലപാട് മാറ്റം അടക്കമുള്ള കാര്യങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്താൻ പാർട്ടി കേഡർമാർക്ക് പ്രത്യേക ക്ലാസുകൾ ഉടൻ ആരംഭിക്കും.
ഇക്കാര്യത്തിൽ ഇതുവരെ സംഭവിച്ച കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ലഘുലേഖകളും ഗൃഹസന്ദർശത്തോടൊപ്പം വിതരണം ചെയ്യും. ഇതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. നിലയ്ക്കലെ സംഘർഷം സംഘപരിവാർ ബോധ പൂർവം സൃഷ്ടിച്ചതാണെന്നും സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമുള്ള നിലപാട് കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നുള്ള നിർദ്ദേശമാണ് നേതൃത്വം പാർട്ടി ഘടകങ്ങൾക്ക് നൽകിയിരിക്കുന്നത്.
ദർശനത്തിന് എത്തുന്ന സ്ത്രീകൾക്ക് കർശന സുരക്ഷ നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ കത്ത് ഇന്നലെ പുറത്തുവിട്ടതും ബോധപൂർവമാണ്. ഈ കത്ത് തെളിവായി ഉയർത്തിക്കാട്ടിയുള്ള പ്രചരണം തന്നെ ഉണ്ടാകും. കേന്ദ്രവും കോടതിയും പറയുന്പോൾ തങ്ങൾക്ക് എന്തു ചെയ്യാനാകുമെന്ന ചോദ്യമാണ് സർക്കാരും എൽഡി.എഫും ഇതിനകം ഉയർത്തിയത്. ഈ ചോദ്യം താഴെത്തട്ടിലേയ്ക്കും പ്രചരിപ്പിക്കും.
സർക്കാരിനെ വിശ്വാസികൾക്കു മുന്പിലും പൊതുജന മധ്യത്തിലും മോശക്കാരാക്കി ചിത്രീകരിക്കാനുള്ള ശ്രമം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്ന പ്രചരണം ഗുണചെയ്യുമെന്ന വിലയിരുത്തലിലാണ് എൽഡിഎഫ് നേതൃത്വം. കോൺഗ്രസിനെക്കാളും ബി.ജെ.പി.യെ ഈ വിഷയത്തിൽ കടന്നാക്രമിക്കാനാണ് എൽ.ഡി.എഫ് തീരുമാനം. ഈ വിഷയത്തിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള നീക്കം ബി.ജെപി നടത്തുന്നുണ്ടെന്ന സൂചന ലഭിച്ചതോടെയാണിത്.
തന്ത്രി കണ്ഠര് രാജീവര് ക്ഷേത്രം അടച്ചിടുമെന്ന പ്രഖ്യാപനം ശരിയായില്ലെന്ന നിലപാട് സർക്കാരിനുണ്ട്. പന്തളം കുടുംബവും തന്ത്രി കുടുംബവും ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടുകളും ഗൃഹ സന്ദർശനങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്തും.