ആലപ്പുഴ: നികുതിയടക്കാത്ത അഞ്ചുലക്ഷം രൂപയോളം വിലവരുന്ന അഞ്ഞൂറു ബൻഡിൽ വ്യാജ സിഗററ്റുകൾ പിടികൂടി. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ടിന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സിഗററ്റുകൾ പിടികൂടിയത്.
ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ വട്ടയാൽ വാർഡിൽ അരയൻ പറന്പ് വീട്ടിൽ അഷ്റഫിന്റെ (33) വീട്ടിൽനിന്നു 300 പാക്കറ്റ് സിഗരറ്റുകളും ചങ്ങനാശേരി പെരുന്ന സ്വദേശി പള്ളിവീട്ടിൽ ഷെർവിന്റെ(39) പക്കൽ നിന്നും 50 പാക്കറ്റുകളും ചങ്ങനാശേരി വാഴപ്പള്ളി വില്ലേജിലെ മഞ്ചാടിക്കര മുറിയിൽ സാദിഖിന്റെ(32) വീട്ടിൽ നിന്നും 150 പാക്കറ്റുകളുമാണ് പിടികൂടിയത്. സാദിഖ് ഒളിവിലാണ്.
ആലപ്പുഴ ടൗണിലെ സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് വില കുറഞ്ഞ സിഗരറ്റുകൾ വ്യാപകമായി വില്പന നടത്തിവരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ആലപ്പുഴ സ്വദേശി അഷ്റഫ് ടൗണ്‍ ഭാഗങ്ങളിലെ വിവിധ കടകളിൽ ഈ സിഗരറ്റുകൾ എത്തിച്ചു വില്പന നടത്തുന്നതായി വിവരം ലഭിച്ചത്.
തുടർന്നു നടത്തിയ പരിശോധനയിലാണ് വീട്ടിൽനിന്നു വ്യാജസിഗരറ്റുകൾ പിടികൂടിയത്. അഷ്റഫിനെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷെർവിൻ, സാദിഖ് എന്നിവരുടെ ചങ്ങനാശേരി ഭാഗത്തുള്ള വീട്ടിൽ നിന്നും കൂടുതൽ സിഗരറ്റുകൾ പിടികൂടി. കേരളത്തിൽ കണ്ടുവരാത്ത സിഗരറ്റുകളാണ് പിടികൂടിയവയിൽ അധികവും.
ഓൾ ഇൻ വണ്‍, ഓൾഡ് സ്പൈസ്, എസ്സൈ ലൈറ്റ്സ്, ഗോൾഡ് കിംഗ്, പാരിസ്, ഡിജെഎആർയുഎം ബ്ലാക്ക്, സിഗാറോണ് എന്നീ പേരിലുള്ള സിഗരറ്റുകളാണ് പിടികൂടിയത്. വിവിധ രുചിഭേദങ്ങൾ ഉള്ളവയാണ് പിടികൂടിയ സിഗരറ്റുകളിലേറെയും. സ്ട്രോബറിയുടെ രുചിയുള്ളതാണ് പിടികൂടിയ ഓൾഡ് സ്പൈസ് സിഗരറ്റ്. പുതിനയിലയുടെ രുചിയാണ് പാരിസ് സിഗരറ്റിന്. ഏറ്റവും കനം കുറഞ്ഞ തരം സിഗരറ്റുകളായ എസ്സൈ ലൈറ്റ്സ് സ്ത്രീകളടക്കം ഉപയോഗിക്കുന്നവയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
വൻ സംഘമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. കോട്ടയം ചങ്ങനാശേരി സ്വദേശിയായ സാദിഖാണ് വ്യാജസിഗരറ്റ് കച്ചവടത്തിലെ പ്രധാനിയെന്നു അധികൃതർ പറഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രധാന വിതരണക്കാരനാണ് സാദിഖ്. കൂടാതെ സ്വാമി എന്നുവിളിക്കുന്ന മുഖ്യ സൂത്രധാരനെപ്പറ്റിയും അന്വേഷണം നടന്നുവരുന്നു. പ്രവാസിയായിരുന്ന ഷെർവിൻ ഗൾഫിൽനിന്നു മടങ്ങിയെത്തിയ ശേഷമാണ് ഈ ബിസിനസിലേക്കു തിരിഞ്ഞത്.
സ്കൂൾ കുട്ടികളും മറ്റും കൗതുകത്തിനായി ഇവ വാങ്ങാറുണ്ട് എന്നാണു ലഭിച്ച രഹസ്യ വിവരം. വിവിധ തരത്തിലുള്ള രുചിയും സാധാരണയിൽ കവിഞ്ഞ വലിപ്പക്കുറവും നീളക്കൂടുതലും ശ്രദ്ധിക്കപ്പെടുന്ന പാക്കിംഗുമാണ് ഇവയുടെ മുഖ്യ ആകർഷണം. ഒരു സിഗരറ്റിന് മൂന്നുരൂപ മാത്രമേ വിലയുള്ളു. ഒരു ബൻഡിൽ സിഗരറ്റിൽ 10 മുതൽ 25 വരെയുള്ള സിഗരറ്റ് പാക്കറ്റുകൾ അടങ്ങിയിട്ടുണ്ട്.
500 ബൻഡിലുകളിലായി 15000 ഓളം പാക്കറ്റ് വ്യാജസിഗരറ്റുകളാണ് പിടികൂടിയത്. ഒരു സിഗരറ്റിനു മാർക്കറ്റിൽ പത്തുരൂപയോളം വിലയുള്ളപ്പോൾ ഇവ ഇവർ മൂന്നുരൂപ പ്രകാരമാണ് വില്പന നടത്തുന്നത്. തുടർനടപടികൾക്കായി പ്രതികളേയും വ്യാജസിഗരറ്റുകളും ആലപ്പുഴ ജിഎസ്്റ്റിഅധികാരികൾക്ക് കൈമാറി. പോലീസിനും വിവരം കൈമാറിയിട്ടുണ്ട്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ടിന്റെ നേത്യത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ അമൽ രാജൻ, പ്രിവന്റീവ് ഓഫീസർ എ. കുഞ്ഞുമോൻ, സിവിൽ എക് സൈസ് ഓഫീസർമാരായ കെ.ജി. ഓംകാർനാഥ്, പി. അനിലാൽ, എസ്.ആർ. റഹിം, എൻ.പി. അരുണ്‍, റ്റി. ജിയേഷ്, എസ്. അരുണ്‍ എന്നിവർ പങ്കെടുത്തു.