ശബരിമല: ശബരിമലയിൽ യുവതി പ്രവേശനം ആകാമെന്ന സുപ്രീം കോടതി വിധി അനുകൂലിച്ചുകൊണ്ട് മാലയിട്ടു വ്രതം ആരംഭിച്ചിരിക്കുന്നെന്ന വാർത്ത പങ്കുവച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് രഹന ഫാത്തിമ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. നേരത്തെ തൃശൂർ പൂരത്തിന് പെൺപുലികളെ ഇറക്കി വാർത്തകളിൽ നിറഞ്ഞിരുന്ന രഹന ചുംബന സമരത്തിലെ സജീവ പ്രവർത്തകരിൽ ഒരാളായിരുന്നു.
ശരീരശാസ്ത്രം പറയുന്ന ഏകയെന്ന സിനിമയിൽ നഗ്നയായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മാറുതുറന്ന് നടത്തിയ പ്രതിഷേധവും ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ നേടിയിരുന്നു.
ശബരിമലയ്ക്കെന്നു പറഞ്ഞ് മാലയിട്ട് രഹന സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുചെയ്ത ചിത്രം സഭ്യതയ്ക്ക് നിരക്കുന്നതായിരുന്നില്ല. ഇതിനെതിരെയും ഏറെപ്പേർ പ്രതിഷേധിച്ചിരുന്നു. രഹന ശബരിമലയ്ക്ക് എത്തുന്നെന്ന് ഭർത്താവ് മനോജ് ശ്രീധർ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുന്നതിനു പിന്നാലെയാണ് ശബരിമലയിലേക്കെത്തുന്ന പേര് വെളിപ്പെടുത്താത്ത സ്ത്രീ രഹനയാണെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞത്.
കൊച്ചി പനന്പള്ളി നഗറിലുള്ള ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന രഹനയുടെ വീടിനു നേരെയും ഇതിനിടെ ആക്രമണമുണ്ടായി. ശബരിമല നടപ്പന്തലിൽ എത്തുന്നതുവരെ പോലീസ് ഇവരുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഹെൽമെറ്റ് ഉപയോഗിച്ച് മുഖം മറച്ചിരുന്ന രഹന തോളിൽ ഇരുമുടി കെട്ടും കരുതിയിരുന്നു. ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ രഹന ആക്ടിവിസ്റ്റും ഫെമിനിസ്റ്റുമായാണ് അറിയപ്പെടുന്നത്.
രഹന ഫാത്തിമയുടെ ഓഫീസ് ഇതര പ്രവർത്തനങ്ങളുമായി തങ്ങൾക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചിട്ടുണ്ട്. എറണാകുളം ബിസിനസ് ഏരിയായുടെ ഉദ്യോഗസ്ഥയായ രഹനയുടെ ഓഫീസിനു പുറത്തുള്ള പ്രവർത്തനങ്ങൾക്ക് തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.