കോഴിക്കോട്: ലക്കിടി വനമേഖലയില്‍ വനംവകുപ്പ് സംഘത്തെ തടഞ്ഞുവച്ചത് മാവോയിസ്റ്റുകളായ സുന്ദരിയും കാര്‍ത്തിക്കും. താമരശേരി റേഞ്ച് ഓഫീസര്‍ സി.അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തിലുള്ള ആറംഗ വനപാലക സംഘത്തെയാണ് മാവോയിസ്റ്റുകള്‍ തടഞ്ഞത്.
ഇക്കഴിഞ്ഞ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. വനപാലകര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും തണ്ടര്ബോര്ട്ടും കാടുകയറി പരിശോധിച്ചെങ്കിലും മാവോയിസ്റ്റുകളുടെ ഒളിയിടത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അതേസമയം വനപാലകരെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞ മാവോയിസ്റ്റുകള്‍ക്കെതിരേ യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.
സുഗന്ധഗിരി വനത്തില്‍ വച്ചാണ് വനംവകുപ്പുകാര്‍ മാവോയിസ്റ്റുകളുടെ മുമ്പില്‍പെടുന്നത്. ആയുധധാരികളായ മാവോയിസ്റ്റുകള്‍ ഇവരെ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു. ഇക്കാര്യം പോലീസില്‍ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തടഞ്ഞുവച്ച റേഞ്ച് ഓഫീസറുടെ കൈയിലുണ്ടായിരുന്ന പണം വാങ്ങിയ ശേഷമാണ് മാവോയിസ്റ്റുകള്‍ ഇവരെ വിട്ടയച്ചത്.
മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്. പുറത്തു നിന്നുള്ളവരുടെ സഹായം മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. ഇതേതുടര്‍ന്നാണ് കോഴിക്കോട്-വയനാട് ജില്ലകളിലെ വനാതിര്‍ത്തിയിലും മറ്റും നിരീക്ഷണം ശക്തമാക്കിയത്. തണ്ടര്ബോര്ട്ടും ഈ മേഖലയില്‍ പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.