കൊണ്ടോട്ടി: ഹർത്താൽദിനത്തിൽ കാരുണ്യ പ്രവർത്തനത്തിനിറങ്ങി കൊണ്ടോട്ടി കാരുണ്യ കൂട്ടായ്മ പ്രവർത്തകർ മാതൃകയായി. റോഡരികിലും കടത്തിണ്ണയിലും മറ്റും അനാഥരായി കഴിയുന്നവരെ കണ്ടെത്തി ഭക്ഷണവും പുതുവസ്ത്രങ്ങളും നൽകി വൃത്തിഹീനമായി നടന്നവരെ തലമുടി വെട്ടി നൽകിയുമാണ് കൊണ്ടോട്ടി കാരുണ്യ കൂട്ടായ്മ പ്രവർത്തകർ ഹർത്താൽദിനം സജീവമാക്കിയത്.
രാവിലെ ഒന്പതിനു കൊണ്ടോട്ടിയിൽ നിന്നു തുടങ്ങിയ സന്നദ്ധ പ്രവർത്തനം വൈകുന്നേരം നാലിനു മണ്ണാർക്കാട്ട് അവസാനിച്ചു. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, കൂട്ടിലങ്ങാടി, രാമപുരം, പെരിന്തൽമണ്ണ, മണ്ണാർക്കാട് നഗരങ്ങളിലൂടെ സഞ്ചരിച്ച് 28 പേർക്കാണ് ഇവർ സാന്ത്വനമേകിയത്. കൊണ്ടോട്ടി കാരുണ്യ കൂട്ടായ്മ പ്രവർത്തകരായ ചുണ്ടക്കാടൻ മുഹമ്മദ് മഹ്സൂം, പി.പി.അബ്ദുൾമജീദ് നീറാട്, യഹ്ക്കൂബ് മുസ്ല്യാരങ്ങാടി, കക്കാട്ട്ചാലി ഹനീഫ എന്നിവരാണ് കാരുണ്യപ്രവർത്തികൾ ചെയ്തത്.
കഴിഞ്ഞ 20 വർഷമായി തുടരുന്ന ഇവരുടെ സേവനം കേരളത്തിനകത്തും പുറത്തും സജീവമാണ്. പ്രളയത്തിൽ മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ രക്ഷാപ്രവർത്തനത്തിലും ശുചിത്വ യഞ്ജത്തിലും സംഘം സേവന രംഗത്തുണ്ടായിരുന്നു.