പയ്യന്നൂര്‍:മസ്കറ്റിലേക്ക് വീസ നല്‍കാമെന്ന് പറഞ്ഞ് നിരവധിയാളുകളെ കബളിപ്പിച്ച രാമന്തളി സ്വദേശി അറസ്റ്റില്‍. രാമന്തളി കണ്ണങ്ങാട്ടെ കൊയ്യോടന്‍ വിജീഷി(28)നെയാണ് ഇരിട്ടി എടപ്പുഴയിലെ ടെസിന് ജോസഫിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്.
മസ്കറ്റിലെ അല്‍തുര്‍ക്ക് കമ്പനിയില്‍ കാറ്ററിംഗ് വിഭാഗത്തില്‍ ജോലി നല്‍കാമെന്ന ഉറപ്പിലാണ് ഇയാള്‍ വീസക്കായി പണം വാങ്ങിയത്. കഴിഞ്ഞ ജൂലൈ ഒമ്പത് മുതല്‍ സെപ്റ്റംബര്‍ 11 വരെ നാല് തവണകളിലായാണ് ഇയാള്‍ ടെസിന് ജോസഫില്‍നിന്നും 19,250 രൂപ വീസക്കായി വാങ്ങിയത്.
കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായപ്പോഴാണ് പരാതിക്കാരന് പോലീസില്‍ പരാതിയുമായെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പതിനഞ്ചോളം പേരെ ഇത്തരത്തില്‍ കബളിപ്പിച്ചതായാണ് വിവരം ലഭിച്ചത്.
വളരെ തന്ത്രപൂര്‍വമാണ് ഇയാള്‍ വലയിലാകുന്നവരെ കബളിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. പയ്യന്നൂരിലെ ട്രാവല്‍ ഏജന്‍സിയില്‍ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് ഇടപാടുകാരുടെ വിശ്വാസമാര്‍ജിക്കുകയാണ് ആദ്യഘട്ടം.
ടിക്കറ്റിനുള്ള തുക ചെക്കെഴുതിയാണ് ട്രാവല്‍ ഏജന്‍സിയില്‍ നല്‍കുന്നത്.ചെക്ക് പണമാക്കാനാകാതെ മടങ്ങുന്നതോടെ ടിക്കറ്റ് റദ്ദാകുന്ന വിവരം വീസക്കായി വിദേശ യാത്രക്കായി ഒരുങ്ങുന്നവര്‍ അറിയുന്നുമില്ല. വൈദ്യപരിശോധനകളും കഴിഞ്ഞ നിശ്ചിത ദിവസം യാത്രയ്ക്കായി വിമാനത്താവളത്തിലെത്തുമ്പോഴാണ് ടിക്കറ്റ് റദ്ദാക്കിയ വിവരം ഇവരറിയുന്നത്.
ഇത്തരത്തിലുള്ള തട്ടിപ്പില്‍ തൃശൂര്‍ ഭാഗങ്ങളിലുള്ളവരുള്പ്പെടെ കൂടുതലാളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികളെത്തുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ വിജീഷിനെ പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.