അടൂര്‍ താലൂക്കിലെ ഏനാദിമംഗലം വില്ലേജിലെ അതീവ പരസ്ഥിതി പ്രാധാന്യമുള്ളതും പ്രകൃതി രമണീയവുമായ ചായലോടും പരിസരപ്രദേശങ്ങളിലും ക്വാറി തുടങ്ങുവാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. സ്കൂള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, നൂറോളം വീടുകള്‍ എന്നിവയുടെ സമീപത്തായുള്ള പുലിമലപ്പാറയില്‍ പാറ ഖനനത്തിനും ക്വാറി തുടങ്ങുന്നതിനുമുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ ജനകീയ സമിതി രൂപീകരിച്ചു. സ്ഥലത്തെ യുവാക്കളാണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്നത്.
മൂടല്‍ മഞ്ഞുകൊണ്ടും ജൈവ സമ്പത്തുകൊണ്ടും പത്തനംതിട്ട ജില്ലയിലെ മിനി മൂന്നാര്‍ എന്നറിയപ്പെടുന്ന ചായലോട് ഗിരിനിരകളാണ് ഇന്നു ക്വാറി മാഫിയയുടെ ഭീഷണിയില്‍ നില്‍ക്കുന്നത്. മൗണ്ട് സീയോണ്‍ മെഡിക്കല്‍ കോളജിനും ഇന്ത്യന്‍ പെന്തക്കോസ്തല്‍ പള്ളിക്കും സെന്റ് ജോര്‍ജ് ആശ്രമം എല്‍.പി, യു.പി, ഹൈസ്കൂളിനും സമീപത്തായി സര്‍വ്വേ നമ്പര്‍ 140/31 ല്‍ 2 ഹെക്ടര്‍ 21 ആര് 11 സെന്റ്, 139/11ല്‍ 6 സെന്റ് സ്ഥലത്ത് ജേക്കബ് പി. തോമസിന്റെ ഉടമസ്ഥതയിലുള്ള ഭൂപ്രദേശത്താണ് പാറ ഖനനം ആരംഭിക്കാനൊരുങ്ങുന്നത്. ഇതിനൊപ്പം ചായലോടിന്റെ വിവിധ പ്രദേശങ്ങളിലായി മറ്റു മൂന്നു ക്വാറികളും ആരംഭിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇവിടെ ഇതിനനുസരിച്ചുള്ള വീതിയുള്ള റോഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ല.
വേനല്ക്കാലത്തു ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇവിടെ പാറ ഖനനം നടന്നാല്‍ സമീപത്തുള്ള കൃക്ഷി സ്ഥലങ്ങള്‍ക്കും നാശം സംഭവിക്കും. ഖനനം നടത്തുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മൂലം ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും വന്‍ ആള് നാശത്തിനും ഇടയാകും. വീടുകള്‍, സ്കൂള്‍ തുടങ്ങിയ കെട്ടിടങ്ങള്‍ക്കു ബലക്ഷയം ഉണ്ടാക്കുകയും വേഗത്തില്‍ നിലം പതിക്കും. ഒപ്പം പലവിധ നാശനഷ്ടങ്ങളും മലിനീകരണ പ്രവര്‍ത്തനങ്ങളും ഇതിലൂടെ ഉണ്ടാകുമെന്നും ജനകീയ സമിതി കണ്‍വീനര്‍ പി.കെ തോമസ് രാഷ്ട്ര ദീപികയോട് പറഞ്ഞു.
ദേശീയ പക്ഷിയായ മയിലുകളുടെ ആവാസ വ്യവസ്ഥ ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിലായാല് പോലും സംരക്ഷിക്കപ്പെടണമെന്ന വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനവുമാണ് ഇവിടെ നടന്നിരിക്കുന്നത്. സംരക്ഷിക്കപ്പെടേണ്ട മയില്‍, കുരങ്ങ്, മലയണ്ണാന്, മലമുഴക്കി വേഴാമ്പല്‍ തുടങ്ങിയ അനവധി ജീവികളുടെ വാസസ്ഥലമാണ് ഈ മലനിരകള്‍. ഔഷധ സസ്യങ്ങളുടേയും ഒറ്റമൂലികളുടേയും വൈവിധ്യമാര്‍ന്ന ജൈവസമ്പത്തിനാലും സമ്പുഷ്ടമാണിവിടം. പാറഖനനം നടന്നാല്‍ ഈ ജീവികളുടെ ജീവനും ആവാസവ്യവസ്ഥയ്ക്കും വലിയ ഭീഷണിയായി മാറും.
സാധാരണക്കാരന്റെ ജീവനും സ്വത്തിനും സഞ്ചാര സ്വാതന്ത്യത്തിനും ഭീഷണിയാകുന്ന ക്വാറി ഇടപെടലിനെതിരെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കടമ്പനാട് – അടൂര്‍ ഭദ്രാസന ഇടവകയുടെ മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രേപ്പോലീത്തയും സ്കൂള്‍ അധികൃതരും പി.ടി.എയും നാട്ടുകാരും ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ള ബന്ധപ്പെട്ട വകുപ്പുകള്‍ക്കു പരാതി നല്കുവാനും തീരുമാനിച്ചിരിക്കുന്നു.
ചായലോട് ജനകീയ സമതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. പരാതികള്‍ അവഗണിച്ച് ക്വാറികള്‍ക്കു അനുമതി നല്കിയാല് കളക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ജനകീയ സമിതി കണ്‍വീനര്‍ പി.കെ തോമസും സെക്രട്ടറി കെ.ജി രാജനും അറിയിച്ചു.