ഡൽഹി: വിചിത്രമായ ഒരു കൊലപാതക കേസിൽ ഏതു വകുപ്പു ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാലോചിച്ചു നട്ടംതിരിയുകയാണ് ഉത്തർപ്രദേശ് പോലീസ്. എഴുപതുകാരനായ വയോധികനെ കല്ലെറിഞ്ഞു കൊന്ന കുരങ്ങന്മാർക്കെതിരേ പോലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ടു കുടുംബം രംഗത്തെത്തിയതോടെയാണ് പോലീസ് വിഷമത്തിലായത്. ഉത്തർപ്രദേശിലെ ഭാഗ്പത് ജില്ലയിലെ തിക്രി ഗ്രാമത്തിലാണു സംഭവം. കഴിഞ്ഞ 17നാണ് ധർമപാനെ കുരങ്ങന്മാർ കല്ലെറിഞ്ഞു കൊന്നത്.
ഇഷ്ടിക കൂട്ടിയിട്ടിരുന്നതിനു ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു ധർമപാൽ. കുരങ്ങൻമാർ ഇതിലേക്കു ചാടിക്കയറിപ്പോൾ ഇഷ്ടിക മറിഞ്ഞുവീണു പരിക്കേറ്റു ധർമപാൽ മരിച്ചുവെന്നാണു പോലീസ് ഭാഷ്യം. എന്നാൽ, വിറക് ശേഖരിക്കുകയായിരുന്ന ധർമപാലിനെ കുരങ്ങന്മാർ ഇഷ്ടിക കൊണ്ടെറിയുകയായിരുന്നു എന്ന് സഹോദരൻ കൃഷ്ണപാൽ സിംഗ് പറഞ്ഞു. തലയ്ക്കും നെഞ്ചിനും പരിക്കേറ്റാണു തന്റെ സഹോദരൻ മരിച്ചത്. പരാതി നൽകിയിട്ടും അപകടമരണമെന്നു പറഞ്ഞു പോലീസ് പരാതി തള്ളിക്കളയുകയായിരുന്നുവെന്നും കൃഷ്ണപാൽ അറിയിച്ചു.