തൊണ്ടിമുതലും ദൃക്സാക്ഷിയും, ഈട, മാംഗല്യം തന്തുനാനേന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പുതിയ നായികമാർക്കിടയിൽ അഭിനയ മികവുകൊണ്ടു ശ്രദ്ധ നേടുകയാണ് യുവനായിക നിമിഷ സജയൻ. ആദ്യ ചിത്രം മുതൽ തന്നെ കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടും അഭിനയ മികവുകൊണ്ടും ഈ നായികയുടെ കലാനിപുണതയെ പ്രേക്ഷകർ ശ്രദ്ധിക്കുകയാണ്. നാടൻ പെണ്കുട്ടിയുടെ മുഖഭാവവും സ്വാഭാവിക അഭിനയവും കൊണ്ടാണ് നിമിഷ ശ്രദ്ധ നേടിയിട്ടുള്ളതെങ്കിലും യഥാർഥത്തിൽ നിമിഷ നാടനല്ല, മുംബൈ മലയാളിയായ തനി മോഡേൺ തന്നെ.
ഇതുവരെയുള്ള കഥാപാത്രങ്ങളിലേക്കു നോക്കുന്പോൾ?
നമുക്കു പരിചിതമായ കഥാപാത്രങ്ങളെയാണ് ഇതുവരെ ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. അവ ഓരോന്നും വ്യത്യസ്തവും ബോൾഡുമായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ആദ്യസിനിമയിലെ ശ്രീജ എന്ന കഥാപാത്രത്തെക്കുറിച്ച് ദിലീഷ് പോത്തൻ പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നിയിരുന്നു. അതിനു പിന്നാലെ വന്ന ഈടയിലും അമ്മു എന്ന വളരെ ശക്തമായ കഥാപാത്രമാണ് അവതരിപ്പിച്ചത്. പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനിൽ വന്നപ്പോൾ പെർഫോം ചെയ്യാൻ ഏറെ സ്വാതന്ത്ര്യം തന്നു.
മലയാളത്തിലെ ഒരുപിടി നായകന്മാർക്കൊപ്പം അഭിനയിച്ചു കഴിഞ്ഞല്ലോ?
ആദ്യ ചിത്രത്തിൽ എത്തിയപ്പോൾ ഫഹദ് ഇക്കയുടേയും സുരാജ് ചേട്ടന്റേയും കഥാപാത്രങ്ങളോടു വ്യത്യസ്ത സമീപനങ്ങളായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. ഈടയിലെ ഷെയ്ൻ നിഗത്തിന് അതിൽ നിന്നെല്ലാം വേറിട്ടൊരു രീതി. പിന്നീട് മാംഗല്യം തന്തുനാനേനയും ഒരു കുപ്രസിദ്ധ പയ്യനും ചെയ്തപ്പോൾ ചാക്കോച്ചനിൽ നിന്നും ടോവിനോയിൽ നിന്നുമുള്ള കാര്യങ്ങൾ പഠിച്ചെടുക്കാൻ സാധിച്ചു. ഒരു പുതിയ സ്ഥലത്തേക്കു യാത്ര പോകുന്പോൾ അവിടം നമ്മൾ കണ്ടു പഠിക്കുന്നതുപോലെയാണ് ഓരോ സിനിമകളും എനിക്കു തോന്നിയിട്ടുള്ളത്.
റിലീസിനു തയാറാകുന്ന കുപ്രസിദ്ധ പയ്യനിലെ കഥാപാത്രം?
കഥാപാത്രത്തിന്റെ പേര് ഹന്ന എലിസബത്ത് എന്നാണ്. ഏതു മേഖലയിലും സ്ത്രീകൾ വളരെ സ്ട്രഗിൾ ചെയ്യുന്നവരാണ്. അവരുടെ വ്യക്തിത്വം വെളിവാക്കുക എന്നതു പ്രയാസകരമാണ്. ഒരു പ്രത്യേക സാഹചര്യം കഴിയുന്പോൾ ഹന്ന തന്റെ പേര് തെളിയിക്കാൻ വേണ്ടി ശ്രമിക്കുകയാണ്. ഇന്നത്തെ സമൂഹത്തിന്റെ ഒരു പ്രതീകമാണ് ഹന്നയും. ഈ ചിത്രത്തോടെ നാടൻ വേഷങ്ങൾപോലെതന്നെ മോഡേൺ വേഷങ്ങളും എനിക്കു ചേരുമെന്നു തെളിയിക്കാനാകും.
സിനിമയ്ക്കു പുറത്തു പ്രേക്ഷകരുടെ നേരിട്ടുള്ള പ്രതികരണം?
സത്യം പറഞ്ഞാൽ ഞാൻ പുറത്തിറങ്ങിക്കഴിഞ്ഞാൽ ആൾക്കാർ എന്ന തിരിച്ചറിയുന്നതേയില്ല. ഒട്ടുമിക്ക എല്ലാ സിനിമകളും തിയറ്ററിൽ പോയി കാണുന്നയാളാണ് ഞാൻ. പ്രേക്ഷകർക്കൊപ്പം ഇരുന്ന് കാണുന്പോൾ പോലും എന്നെ ആരും തിരിച്ചറിയില്ല. അതൊരു പ്ലസ് പോയിന്റായിട്ടാണ് ഞാൻ കാണുന്നത്.
പുതിയ പ്രോജക്ടുകൾ?
സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോളയാണ് ഇപ്പോൾ പൂർത്തിയാക്കിയ ചിത്രം. കുപ്രസിദ്ധ പയ്യനും ചോളയുമാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
അന്യ ഭാഷകളിൽ നിന്നും ഓഫറുകൾ ?
മലയാളത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള സ്പേസ് കിട്ടുന്നുണ്ട്. അപ്പോൾ മറ്റൊരു ഭാഷയിൽ പോകുന്പോൾ വെറുതെ ഒരു സിനിമ ചെയ്യാതെ അത്തരത്തിൽ മികച്ചൊരു കഥാപാത്രമായിരിക്കണം എന്നു കരുതുന്നു. ഓഫറുകളൊക്കെ വരുന്നുണ്ട്. ഒന്നും സ്വീകരിച്ചിട്ടില്ല.
മാംഗല്യം തന്തുനാനേനയുടെ പിന്നിൽ സംവിധായികയായി ഒരു വനിതയാണല്ലോ? ഈ മാറ്റത്തെ എങ്ങനെ കാണുന്നു?
വളരെ പോസിറ്റീവായുള്ള മാറ്റമായിട്ടാണ് എനിക്കു തോന്നുന്നത്. സ്ത്രീകൾ സംവിധാന മേഖലയിലേക്കു കടന്നു വരുകയും അവരുടെ വീക്ഷണത്തിൽ സിനിമ ഒരുക്കുകയും ചെയ്യുന്നത് എനിക്കും വളരെ സന്തോഷം നൽകുന്നുണ്ട്. ഒരു സ്ത്രീ എന്ന നിലയിൽ ആ മാറ്റത്തെ ഞാൻ അനുഭവിച്ചറിയാനും ഭാഗമാകാനും സാധിക്കുന്നു. ആദ്യമായാണ് ഒരു സംവിധായികയുടെ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത്. അത് അഭിമാനം നൽകുന്നു.
അഭിനയത്തിനൊപ്പം സിനിമയുടെ മറ്റു മേഖലകളോടും താല്പര്യമുണ്ടോ?
സിനിമയുമായി ബന്ധപ്പെട്ട് സംവിധാനം ഛായാഗ്രഹണം തുടങ്ങിഏതു മേഖലയോടും എനിക്കു താല്പര്യമുണ്ട്. കുപ്രസിദ്ധ പയ്യനിൽ അഭിനയിക്കുന്ന സമയത്ത് എന്റെ എല്ലാ സംശയങ്ങളും പറഞ്ഞു തന്നത് മധുപാലേട്ടനായിരുന്നു.
ഒരു സിനിമയുടെ തെരഞ്ഞെടുപ്പിൽ പ്രധാനമായും ശ്രദ്ധിക്കുന്നത് ?
എന്റെ കഥാപാത്രത്തിനൊപ്പം മുഴുവൻ സ്ക്രിപ്ടും നോക്കും. ഒരു നടനോ നടിയോ എന്നതിനപ്പുറം തിരക്കഥ മികച്ചതായാൽ മാത്രമേ സിനിമയും നന്നാവൂ. അതിനൊപ്പം സംവിധായകനും ടെക്നിക്കൽ വശവും ഏറെ പ്രധാന്യമുള്ളതാണ്.
കുടുംബ വിശേഷം?
പപ്പയും അമ്മയും ഞാനും ചേച്ചിയും ചേരുന്നതാണ് ഞങ്ങളുടെ കുടുംബം. പപ്പ എൻജിനിയറാണ്. അമ്മയാണ് എന്റെ കൂടെ എപ്പോഴുമുള്ളത്. ഇപ്പോൾ ഞങ്ങൾ എറണാകുളത്ത് സെറ്റിൽഡാണ്.
ലിജിൻ കെ. ഈപ്പൻ