ആലപ്പുഴ: സപ്ലൈകോയിൽ നിന്നും ഒന്നരവർഷം മുന്പ് ജൂണിയർ അസിസ്റ്റന്റായി വിരമിച്ച വ്യക്തിക്ക് രണ്ടു മാസത്തിനകം പെൻഷൻ ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ ബാങ്ക് പലിശ ഉൾപ്പെടെ നൽകേണ്ടി വരുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പെൻഷൻ ആനുകൂല്യങ്ങൾ നൽകിയ രണ്ടു മാസത്തിനകം നടപടി റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
2017 ഫെബ്രുവരി 28ന് സർവീസിൽ നിന്നും വിരമിച്ച വലിയകുളം സ്വദേശി എം. അബ്ദുൾ കരീമിന് പെൻഷൻ നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. സപ്ലൈകോ അഡീഷണൽ ജനറൽ മാനേജരിൽനിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു.
പരാതിക്കാരൻ ഒടുവിൽ ജോലി ചെയ്ത കൈചൂണ്ടി സൂപ്പർമാർക്കറ്റിലെ 2016-17 കാലയളവിലെ ഓഡിറ്റ് നടന്നു വരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ച് ബാധ്യതകൾ ഇല്ലെന്ന് ഉറപ്പു വരുത്തണം. പരാതിക്കാരൻ മുന്പ് ജോലി ചെയ്ത പെട്രോൾ ബങ്കിൽ 1,04,442 രൂപയുടെ ക്രമക്കേട് നടന്നു. 2013ൽ ഇതിനെതിരേ കുറ്റപത്രം നൽകി. ഇതു കൂടാതെ പരാതിക്കാരന് 851 രൂപയുടെ ബാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
40 ശതമാനം ശാരീരിക വൈകല്യമുള്ളയാളാണ് പരാതിക്കാരൻ. വിരമിച്ച് ഒന്നരവർഷം കഴിഞ്ഞിട്ടും ഓഡിറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ പെൻഷൻ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സപ്ലൈകോ ചൂണ്ടിക്കാണിച്ച മൂന്നു കാര്യങ്ങളും പെൻഷൻ വൈകിക്കാനുള്ള കാരണമല്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. 2011-12 കാലത്ത് നടന്ന ക്രമക്കേടിൽ അഞ്ചുവർഷം കഴിഞ്ഞിട്ടും തീരുമാനമാകാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്.
851 രൂപയുടെ ബാധ്യത പരാതിക്കാരന് നൽകാവുന്ന പണത്തിൽ നിന്നും ഈടാക്കാവുന്നതാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സർവീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ അകാരണമായി താമസിച്ചാൽ വിരമിക്കുന്നവർക്ക് പലിശസഹിതം ഈടാക്കാമെന്ന സർക്കാർ ഉത്തരവിനെ കുറിച്ച് മറക്കരുതെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.