വി.എ. ശ്രീകുമാർ മേനോന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ചിത്രം ഒടിയൻ റിലീസിനൊരുങ്ങുകയാണ്. ഇതിനു മുന്നോടിയായി അണിയറ പ്രവർത്തകർ തെരഞ്ഞെടുത്തിരിക്കുന്ന വേറിട്ട പ്രൊമോഷൻ പരിപാടികളാണ് സോഷ്യൽമീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത്.
കൊച്ചി ലുലു മാളിലെ പിവിആറിൽ മോഹൻലാലിന്റെ ഒടിയൻ പ്രതിമ സ്ഥാപിച്ചാണ് അണിയറപ്രവർത്തകർ പ്രൊമോഷൻ പരിപാടികൾ ആരംഭിച്ചത്. ഈ പ്രതിമയ്ക്കൊപ്പം ആരാധകർക്ക് സെൽഫിയെടുക്കുവാൻ അവസരമുണ്ടാകും. മാത്രമല്ല മറ്റ് റിലീസിംഗ് കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള പ്രതിമകൾ സ്ഥാപിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
ചിത്രത്തിൽ മുപ്പതു മുതൽ അറുപത് വയസുവരെയുള്ള ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ, സിദ്ധിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.