ശബരിമല: സന്നിധാനത്ത് ഹെലിപ്പാഡിന് കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ നിര്‍മിക്കുന്ന 40 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. സന്നിധാനത്ത് പാണ്ടിത്താവളത്തിന് സമീപം കിഫ്ബിയുടെ ഫണ്ടില്‍പ്പെടുത്തി ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 2.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ ജലസംഭരണി നിര്‍മിക്കുന്നത്.
സന്നിധാനത്ത് നിലവില്‍ 1.65 കോടി ലിറ്റര്‍ ജലം സംഭരിക്കുന്നതിനുളള ടാങ്കുകളാണുള്ളത്. 40 ലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതിയ ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 2.5 കോടി ലിറ്റര്‍ ജലം സന്നിധാനത്ത് സംഭരിക്കാന്‍ കഴിയും.
പുതുതായി നിര്‍മിക്കുന്ന വാട്ടര്‍ ടാങ്കിന്റെ മുകള്‍വശം ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ പര്യാപ്തമായ രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. വാട്ടര്‍ ടാങ്കിന്റെ നാല് വശവുമുള്ള ഭിത്തികള്‍ ഇതിനായി കൂടുതല്‍ ബലപ്പെടുത്തിയാണ് നിര്‍മിച്ചിരിക്കുന്നത്.
അകത്ത് 72 അറകളായി തിരിച്ചിട്ടുള്ള ജലസംഭരണിയുടെ അകത്തെ ഭിത്തികളും ഹെലികോപ്ടറുകള്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് സമ്മര്‍ദം താങ്ങാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്.
20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്റെ ആദ്യഭാഗത്തിന്റെ നിര്‍മാണം നവംബര്‍ 15ന് മുമ്പ് പൂര്‍ത്തിയാകും. ശേഷിക്കുന്ന ഭാഗം ഈ തീര്‍ഥാടന കാലത്തുതന്നെ പൂര്‍ത്തീകരിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങളാണ് നടക്കുന്നത്. 55555 ലിറ്റര്‍ വീതം സംഭരണ ശേഷിയുള്ള 72 കംപാര്ട്ടുമെന്റുകളിലായാണ് 40 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നതിനുള്ള ടാങ്ക് നിര്‍മിക്കുന്നത്. സന്നിധാനത്തുനിന്നും എട്ട് കിലോമീറ്റർ ദൂരെയുള്ള കുന്നാര്‍ ഡാമില്‍ നിന്നും പമ്പിംഗ് ഇല്ലാതെ ഗ്രാവിറ്റിയുടെ സഹായത്താലാണ് ടാങ്കിലേക്ക് ജലം എത്തിക്കുന്നത്.
മണ്ഡല – മകരവിളക്ക് കാലത്ത് സന്നിധാനത്തേക്ക് ആവശ്യമുള്ള ജലം പൂര്‍ണമായും കുന്നാര്‍ ഡാമില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ശബരിമല മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും തുക അനുവദിച്ച് പുതിയ ജലസംഭരണി നിര്‍മിക്കുന്നത്.
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കുന്നാര്‍ ഡാമിലെ ജലനിരപ്പ് കുറയുമ്പോള്‍ ജല അഥോറിറ്റി പമ്പയില്‍ നിന്നും ജലം പമ്പ് ചെയ്ത് ശരംകുത്തിയിലുള്ള ടാങ്കിലെത്തിച്ച് അവിടെ നിന്നുമാണ് സന്നിധാനത്തേക്ക് ആവശ്യമായ ജലം എത്തിക്കുന്നത്. 40 ലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതിയ ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പമ്പയില്‍ നിന്നും തീര്‍ഥാടന കാലത്ത് എത്തിക്കേണ്ട ജലത്തിന്റെ അളവ് കുറയ്ക്കുവാന്‍ കഴിയും.
ഇതോടൊപ്പം ഭാവിയില്‍ അടിയന്തര സാഹചര്യത്തില്‍ സന്നിധാനത്ത് ഹെലികോപ്ടറുകള്‍ ഇറക്കേണ്ടി വന്നാല്‍ അതിനുള്ള സംവിധാനവും വാട്ടര്‍ ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലഭ്യമാകും.